ക്രിസ്മസിന് സമ്മാനങ്ങൾ നൽകുന്നതും സമ്മാനപ്പെട്ടി തുറക്കുന്നതുമായ ദിനമാണ് ഡിസംബർ 26. ‘ബോക്സിങ് ഡേ’ എന്നറിയപ്പെടുന്ന ഈ ദിനത്തിൽ ഇക്കുറി ലോകത്തിന് ലഭിച്ച സമ്മാനമാണ് ആർച്ചി ഷില്ലർ എന്ന ഏഴ് വയസ്സുകാരൻ. ബുധനാഴ്ച മെൽബണിൽ തുടങ്ങിയ ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആർച്ചിയായിരുന്നു താരം. ഗുരുതരമായ ഹൃദയരോഗം ബാധിച്ച അവനെ ടെസ്റ്റ് ടീമിലുൾപ്പെടുത്തി ഓസ്‌ട്രേലിയ ലോകത്തിന് മാതൃക കാണിച്ചു. ‘മെയ്ക്ക് എ വിഷ് ഫൗണ്ടേഷൻ’ എന്ന സംഘടനയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. കളിക്കുന്നില്ലെങ്കിലും ആർച്ചിയാണ് ഓസ്‌ട്രേലിയൻ ടീമിന്റെ സഹനായകൻ. ടോസിടാൻ ഓസീസ് ക്യാപ്റ്റൻ ടിം പെയിനിനൊപ്പം ആർച്ചി ഗ്രൗണ്ടിലെത്തി. ടീമിന്റെ പരമ്പരാഗതമായ ‘ബാഗി ഗ്രീൻ ക്യാപ്’ അവന് സമ്മാനിച്ചു. ലോകത്തിന്റെ ഹൃദയം കവർന്ന കാഴ്ചയായിരുന്നു അത്.
 ഗുരുതരമായ രോഗം ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുകയാണ് ‘മെയ്ക്ക് എ വിഷ് ഫൗണ്ടേഷ’ന്റെ ലക്ഷ്യം. അമേരിക്കയിൽ 1980-ൽ സ്ഥാപിതമായ ഈ സംഘടനയുടെ ആസ്ഥാനം അരിസോണയിലെ ഫീനിക്സാണ്. രണ്ടിനും പതിനേഴിനും ഇടയിലുള്ള കുട്ടികളാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്നത്. 45 രാജ്യങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. ക്രിസ്റ്റഫർ ജെയിംസ് ഗ്രേഷ്യസ് എന്ന ഏഴ് വയസ്സുകാരനാണ് സംഘടനയുടെ ഉദയത്തിന് പ്രേരണയായത്. ക്രിസ്റ്റഫറിന് രക്താർബുദമായിരുന്നു. ഒരു പോലീസ് ഓഫീസറാവാൻ ആഗ്രഹിച്ച അവനെ രോഗം തളർത്തി. ക്രിസ്റ്റഫറിന്റെ ആഗ്രഹമറിഞ്ഞ പോലീസ് വകുപ്പ് അവനെ ഒരു ദിവസത്തേക്ക്‌ പോലീസ് ഓഫീസറായി  ഉയർത്തി. ഔദ്യോഗികവേഷമണിഞ്ഞ് അവൻ കർത്തവ്യനിരതനായി. അവന്റെ മരണത്തിന് തൊട്ടുപിന്നാലെ ‘മെയ്ക്ക് എ വിഷ് ഫൗണ്ടേഷൻ' രൂപംകൊണ്ടു. 38 വർഷത്തിനിടെ എണ്ണമറ്റ കുട്ടികൾക്ക് സഹായമെത്തിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു.  ജനിച്ച് മൂന്നാം മാസം തന്നെ ആർച്ചി ഷില്ലറിന്റെ ഹൃദയവാൽവുകൾക്ക് തകരാർ കണ്ടെത്തിയിരുന്നു. ചെറിയ പ്രായത്തിനിടെ 13 ശസ്ത്രക്രിയകൾക്ക് വിധേയനായി. ഏതുസമയവും ജീവന് ആപത്ത് സംഭവിക്കാമെന്ന നിലയിൽ, സദാ പരിചരണവും നിരീക്ഷണവും വേണം. ലെഗ് സ്പിന്നറായ ആർച്ചി ഷില്ലർ ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ്. ഓസ്‌ട്രേലിയൻ ടീമിൽ കളിക്കുകയാണ് അവന്റെ മോഹം. ‘മെയ്ക്ക് എ വിഷ് ഫൗണ്ടേഷൻ’ വഴിയുള്ള ശ്രമം ഫലം കണ്ടു. ‘ഏറെ വേദനകൾ സഹിക്കുന്ന ആർച്ചി ഒന്ന് ചിരിച്ചുകാണാൻ ആഗ്രഹിക്കുന്നു’വെന്നാണ് ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞത്. ‘ബോക്സിങ് ഡേ’ ക്രിക്കറ്റ് ടെസ്റ്റിൽ, ക്യാപ് സ്വീകരിച്ചശേഷം ആർച്ചി 'സഹകളിക്കാരോട്' പറഞ്ഞതിങ്ങനെ - സിക്സറടിക്കുക, വിക്കറ്റെടുക്കുക...അഗ്നിച്ചിറകുള്ള മോഹങ്ങളാണ്  അവന്റേത്.  “ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ വിക്കറ്റെടുക്കണം” എന്നാണ് ടീമിലെടുത്ത വാർത്തയറിഞ്ഞ് ആർച്ചി പ്രതികരിച്ചത്.  കളിയും വിനോദവും കാണാൻ ലോകത്തിന് യഥേഷ്ടം കണ്ണുകളുണ്ട്. റഷ്യയിൽ നടന്ന ഫുട്‌ബോൾ ലോകകപ്പ് കണ്ടത് ലോകജനസംഖ്യയുടെ പകുതിയോളം പേരാണെന്നാണ് ഫിഫ കഴിഞ്ഞദിവസം പുറത്തുവിട്ട കണക്ക്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കളികളും മറ്റ് വിനോദങ്ങളും മനുഷ്യർ നിരന്തരം കണ്ടുകൊണ്ടേയിരിക്കുന്നു. എന്നാൽ, ദൈന്യംകാണാൻ നമ്മുടെ കണ്ണുകൾക്ക് പലപ്പോഴും വെളിച്ചംപോരാ. ലോകമെങ്ങും കൊടുംയാതനകളിലും രോഗദുരിതങ്ങളിലും പെട്ടുകഴിയുന്ന ലക്ഷോപലക്ഷം കുട്ടികളുണ്ട്. എങ്ങുമെത്താത്ത ശിശുരോദനങ്ങൾ. അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനും അവർക്ക് സഹായങ്ങളെത്തിക്കാനും ലോകത്തിന് പ്രചോദനമാവട്ടെ, ആർച്ചിയുടെ നേട്ടം.