ഇരകൾക്കു നൽകാനായി കൈവശമുള്ളത്‌ 2300 കോടി രൂപ... ഇരകൾക്ക് നൽകുന്നത് 6000 രൂപ മാത്രം... സ്ത്രീസുരക്ഷയ്ക്കുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള നിർഭയ നിധിയിൽനിന്ന് അഞ്ചു വർഷത്തിനിടെ വിനിയോഗിച്ചത് അനുവദിച്ച തുകയുടെ 30 ശതമാനം മാത്രം... രാജ്യത്തെ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിർഭയ പദ്ധതിയിൽ സംസ്ഥാനങ്ങൾ തികഞ്ഞ ഉദാസീനതയാണു കാണിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ്‌ ഈ കണക്കുകൾ.

ഒരു ലോക വനിതാദിനം കൂടി ആചരിച്ച് നാം നിർവൃതിയടയുമ്പോഴും രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായി തുടരുകയാണെന്ന യാഥാർഥ്യത്തിന് അടിവരയിടുന്നതാണ് ഈ റിപ്പോർട്ട്. നിർഭയ പദ്ധതിയിൽ 2300 കോടി രൂപ കെട്ടിക്കിടക്കുമ്പോൾ ഇരകൾക്ക് 6000 രൂപ മാത്രം നൽകുന്ന സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരേ സുപ്രീം കോടതി രംഗത്തെത്തിയിട്ടും ഫലമുണ്ടാകുന്നില്ല. നിർഭയ പദ്ധതിയിലെ തുകവിനിയോഗത്തെക്കുറിച്ചു സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും എല്ലാ സംസ്ഥാനങ്ങളും ഇപ്പോഴും അതു ചെയ്തിട്ടില്ല. ഇരുപതിലേറെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇനിയും സത്യവാങ്മൂലം സമർപ്പിക്കാനുണ്ട്. സ്ത്രീസുരക്ഷയുടെ കാര്യത്തിലുള്ള അലംഭാവമാണ്‌ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വരുത്തുന്ന കാലതാമസത്തിനു കാരണം.

 നിർഭയ പദ്ധതിയിലെ പല വിഭാഗങ്ങളിലും ഒരു രൂപപോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന യാഥാർഥ്യം അങ്ങേയറ്റം അപലപനീയമാണ്. അന്വേഷണകേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുവദിച്ച 324 കോടി രൂപയിൽ ഒന്നും ഇതുവരെ ചെലവഴിച്ചിട്ടില്ല. സുരക്ഷിതനഗരത്തിനുള്ള 110 കോടിയും വനിതകൾക്ക് പൊതുവാഹന ഡ്രൈവിങ്‌ പരിശീലനത്തിന് അനുവദിച്ച 56 കോടിയും അങ്ങനെതന്നെ ഇരിക്കുകയാണ്. ഹെൽപ്പ് ലൈനിന് അനുവദിച്ച 156 കോടിയിൽ ചെലവഴിച്ചത് 21 കോടി മാത്രം. നിയമസഹായ കേന്ദ്രങ്ങൾക്ക് അനുവദിച്ച 458 കോടിയിൽ ചെലവഴിച്ചത് 81 കോടി രൂപയാണ്. തീവണ്ടിയിലെ സുരക്ഷയ്ക്കായി 500 കോടി രൂപ അനുവദിച്ചതിൽ വിനിയോഗിക്കാനായത് 50 കോടി രൂപ മാത്രം.  ഈ സ്ഥിതി മാറ്റാൻ സർക്കാരുകൾ ഇനിയും ശ്രമിക്കാത്തതിന് ആരാണ് ഉത്തരവാദികൾ.

നിർഭയ പദ്ധതിയിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശ് ഇരകൾക്ക് 6000 രൂപ മാത്രമാണ് നൽകുന്നതെന്നു ചൂണ്ടിക്കാട്ടി നൽകിയ സത്യവാങ്മൂലത്തിലൂടെയാണ് സ്ത്രീസുരക്ഷയിലെ സർക്കാർ നിലപാടുകളുടെ ചിത്രം തെളിഞ്ഞുതുടങ്ങിയത്. മാനഭംഗത്തിന് ഇരകളാക്കപ്പെട്ടവരുടെ എണ്ണം, നിർഭയ പദ്ധതിപ്രകാരം കേന്ദ്രസർക്കാരിൽനിന്നു കൈപ്പറ്റിയ പണം, അതിൽ വിതരണംചെയ്ത പണം എന്നിങ്ങനെ തരംതിരിച്ച് സത്യവാങ്മൂലം നൽകാൻ കോടതി സംസ്ഥാനങ്ങളോട് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, പല സംസ്ഥാനങ്ങളും കൃത്യസമയത്ത് മറുപടി നൽകാതെ കൂടുതൽ സമയം ആവശ്യപ്പെട്ടാണ്‌ സ്വന്തം നിഷ്‌ക്രിയത്വം വെളിവാക്കുന്നത്‌. 

ലൈംഗികപീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമസഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന വൺ സ്റ്റോപ്പ് സെന്റർ പോലുള്ള പദ്ധതികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. രാജ്യത്തെ സ്ത്രീസുരക്ഷയിൽ ഭരണാധികാരികൾ  കാണിക്കുന്ന താത്പര്യം എത്രമാത്രമുണ്ടെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നു. സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം നിസ്സാരമായി കാണേണ്ട ഒന്നല്ല.

കൊടുംക്രൂരതയ്ക്ക് ഇരയായ സ്ത്രീകൾക്ക് 'നക്കാപ്പിച്ച' മാത്രം നൽകി കോടികൾ പാഴാക്കുന്ന സർക്കാർ നടപടികളോട് സമൂഹം കൂടുതൽ തീക്ഷ്ണമായി പ്രതികരിക്കേണ്ട സമയമാണിത്.  ഇന്ത്യയിലെ സ്ത്രീകൾക്ക് ആരെയും പേടിക്കാതെ ജീവിക്കാനുള്ള അവസ്ഥ ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഏതാനും വർഷങ്ങൾക്കു മുമ്പ് കേന്ദ്രസർക്കാർ നിർഭയ പദ്ധതി കൊണ്ടുവന്നത്. എന്നാൽ, പദ്ധതിയിൽ പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്ന അവസ്ഥ സൃഷ്ടിച്ച സർക്കാരുകളുടെ പ്രവൃത്തിയെ ഒരു കാരണത്താലും ന്യായീകരിക്കാനാകില്ല. സ്ത്രീസുരക്ഷ ഉറപ്പിക്കാൻ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാകുന്നില്ലെന്ന കാര്യം നിരീക്ഷിക്കാനും തെറ്റുകൾ തിരുത്താനും രാഷ്ട്രീയ-ഭരണനേതൃത്വങ്ങൾ ജാഗ്രതപുലർത്തിയേ പറ്റൂ.