കണ്ണൂര്‍ സെന്റ് ആഞ്ജലോ കോട്ടയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വിസ്മയകരവും ചരിത്രപഠനത്തിന് പുതുവെളിച്ചം പകരുന്നതുമാണ്. കോട്ടയുടെ ചരിത്രം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ സഞ്ചാരികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനുദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കേബിളിടാന്‍ ചാലുകീറുന്നതിനിടയില്‍ നൂറുകണക്കിന് പീരങ്കിയുണ്ടകളാണ് അവിടെനിന്നു കണ്ടുകിട്ടിയിരിക്കുന്നത്. ഇതിനകം അവയുടെ എണ്ണം പതിമൂവായിരത്തോളമായിരിക്കുന്നു. 250 ഗ്രാം മുതല്‍ ഒമ്പതു കിലോവരെ തൂക്കമുള്ള ഇരുമ്പുണ്ടകള്‍. ഇന്ത്യയിലെ പാശ്ചാത്യാധിനിവേശത്തിന്റെ ഏറ്റവും പഴക്കമുള്ള സ്മാരകങ്ങളിലൊന്നാണ് കണ്ണൂര്‍ക്കോട്ട. സ്വാതന്ത്ര്യംലഭിച്ച് 68 വര്‍ഷം കഴിഞ്ഞശേഷം അവിടെനിന്ന് ഇത്രയും പഴയ ആയുധങ്ങള്‍ ലഭിച്ചിരിക്കുന്നത് ചരിത്രഗവേഷകരെയും ഭരണാധിപരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സംരക്ഷിതസ്മാരകമായ കണ്ണൂര്‍ക്കോട്ടയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതേവരെ ശരിയായ പരിശോധന നടത്തിയിട്ടില്ലെന്നും അങ്ങനെ പരിശോധിക്കണമെന്ന് സംസ്ഥാനത്തെ ഉത്തരവാദപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്. 

വാസ്‌കോ ഡ ഗാമ തന്റെ രണ്ടാമത്തെ സന്ദര്‍ശനത്തിനുശേഷം 1502ല്‍ തിരിച്ചുപോകുമ്പോള്‍ വെടിക്കോപ്പുകള്‍ കുഴിച്ചിട്ട കണ്ണൂര്‍ കടപ്പുറത്ത് പോര്‍ച്ചുഗീസ് വൈസ്രോയ് അല്‍മേദയുടെ നേതൃത്വത്തില്‍ നാട്ടുകാരായ തൊഴിലാളികളുടെകൂടി സഹകരണത്തോടെ 1505ല്‍ പണിതതും പിന്നീട് പുതുക്കിപ്പണിതതുമായ കോട്ടയാണ് സെന്റ് ആഞ്ജലോ. ഒന്നരനൂറ്റാണ്ടോളം പോര്‍ച്ചുഗീസുകാരുടെയും പിന്നീട് ഡച്ചുകാരുടെയും തുടര്‍ന്ന് ഒന്നരനൂറ്റാണ്ടോളം ബ്രിട്ടീഷുകാരുടെയും, ഇടയ്ക്ക് അറയ്ക്കല്‍ രാജവംശത്തിന്റെയും മൈസൂര്‍ സുല്‍ത്താന്മാരുടെയും അധീനതയിലായിരുന്ന കോട്ട ഒട്ടേറെ യുദ്ധങ്ങളുടെ കേന്ദ്രമായിരുന്നു. ഇത്രയും പാരമ്പര്യമുള്ള കോട്ട ചരിത്രാവശിഷ്ടങ്ങളുടെ ഒരു ഖനിതന്നെയാകാനിടയുണ്ടെന്ന തോന്നല്‍ സംസ്ഥാന പുരാവസ്തുവകുപ്പിനോ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കോ ഉണ്ടായില്ലെന്നതാണ് അദ്ഭുതം. അറിഞ്ഞിടത്തോളം രാജ്യത്തൊരിടത്തുനിന്നും മുമ്പിതേവരെ ഇത്രയധികം ആയുധങ്ങളോ ആയുധാവശിഷ്ടങ്ങളോ കിട്ടിയിട്ടില്ല. ഈസാഹചര്യത്തില്‍ കോട്ടയ്ക്കകത്തും സമീപതീരങ്ങളിലും സമഗ്രമായ ഉത്ഖനനത്തിന് കേന്ദ്രസംസ്ഥാന പുരാവസ്തുവകുപ്പുകള്‍ മുന്‍ൈകയെടുക്കേണ്ടിയിരിക്കുന്നു. പീരങ്കികളും പീരങ്കിയുണ്ടകളും വിദേശത്തുനിന്നു കൊണ്ടുവന്നതാണോ ഇവിടെത്തന്നെ നിര്‍മിച്ചതാണോ, ഏതൊക്കെ ശക്തികള്‍ ആര്‍ക്കൊക്കെ എതിരെ അതുപയോഗിച്ചു, കാലം ഏതാണ് എന്നെല്ലാം അറിയേണ്ടതുണ്ട്. നാലുനൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രത്തിലേക്ക് വെളിച്ചംവീശാനും ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അത് ഉപയോഗപ്രദമാക്കാനും നടപടിയാവശ്യമാണ്. കോട്ട കേന്ദ്രസര്‍ക്കാറിന്റെ അധീനതയിലായതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന നിലപാട് സംസ്ഥാനസര്‍ക്കാറും ചരിത്രഗവേഷണസ്ഥാപനങ്ങളും സ്വീകരിച്ചുകൂടാ. 

ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും കുറച്ചുകാലമായി ഉദാസീനമാണ് കേരളം. പല ചരിത്രസ്മാരകങ്ങളും വേണ്ടത്ര ശ്രദ്ധയും സംരക്ഷണവുമില്ലാതെ നാശത്തിന്റെ വക്കിലാണ്. പലയിടത്തും സംരക്ഷിതസ്മാരകം എന്ന ബോര്‍ഡ് മാത്രമേയുള്ളൂ. അശ്രദ്ധയും അജ്ഞതയും അവഗണനയും കാരണം ഒട്ടേറെ ചരിത്രസ്മാരകങ്ങള്‍ നശിപ്പിക്കപ്പെടുകയോ സ്വയം നശിക്കുകയോ ചെയ്തുകഴിഞ്ഞു. അവശേഷിച്ചവ സംരക്ഷിക്കുന്നതില്‍പ്പോലും ഉത്തരവാദപ്പെട്ടവര്‍ താത്പര്യമെടുക്കാത്തത് തികഞ്ഞ നീതികേടാണ്. പുരാവസ്തുവകുപ്പിനു ചരിത്രജാഗ്രത കുറഞ്ഞുവരികയാണെന്നു പറയാതെവയ്യ. കാസര്‍കോട്ട് സംസ്ഥാന പുരാവസ്തുവകുപ്പിന്റെ ഉടമസ്ഥതയിലാണെന്നവകാശപ്പെടുന്ന കാസര്‍കോട് കോട്ടയും ചുറ്റുപാടുമുള്ള സ്ഥലവും

സ്വകാര്യസ്വത്താണെന്നവകാശപ്പെട്ട് വില്പന നടത്തിയതും വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് വില്പനാധാരം റദ്ദാക്കിയതും അടുത്തയിടെയാണ്. കാസര്‍കോട് ജില്ലയില്‍ത്തന്നെ കുമ്പളയിലെ ആരിക്കാടിയില്‍ ഇക്കേരിനായ്ക്കന്മാര്‍ നിര്‍മിച്ച കോട്ടയും സ്ഥലവും സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സ്വത്താണെന്നാണവകാശവാദമെങ്കിലും അതിന്റെ രേഖയും കൈവശാവകാശവും സ്വകാര്യവ്യക്തികളില്‍ നിക്ഷിപ്തമാണ്. അതെല്ലാം ശ്രദ്ധയില്‍പ്പെടുന്നതും നടപടിയെടുക്കാന്‍ ശ്രമിക്കുന്നതും ഇപ്പോള്‍മാത്രമാണ്. കണ്ണൂര്‍ക്കോട്ടയില്‍ പതിമൂവായിരത്തിലേറെ പീരങ്കിയുണ്ടകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുരാവസ്തുസംരക്ഷണം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകാര്‍ ഉണരേണ്ടിയിരിക്കുന്നു. പ്രധാനപ്പെട്ട ചരിത്രകേന്ദ്രങ്ങളില്‍ ഉത്ഖനനം നടത്തുന്നതിന് പദ്ധതി തയ്യാറാക്കുകയും നടപടി സ്വീകരിക്കുകയും വേണം. സംസ്ഥാനത്ത് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ഉത്ഖനനം നടത്താനും സംരക്ഷിതപുരാവസ്തു കൃത്യമായി പരിപാലിക്കുന്നുണ്ടെന്നുറപ്പുവരുത്താനും കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദംചെലുത്തണം. സംസ്ഥാന പുരാവസ്തുവകുപ്പിനെ പുരാവസ്തുക്കള്‍ സംരക്ഷിക്കാനും പരിപാലിക്കാനും പര്യാപ്തമായ വിധത്തില്‍ സുസജ്ജമാക്കുകയും വേണം.