Vegitables Tmail Naduപച്ചക്കറികളിലും പഴങ്ങളിലും തളിച്ചിട്ടുള്ള കീടനാശിനികളുടെ അളവ്‌ വിപണിയിൽത്തന്നെ കണ്ടെത്തണമെന്ന സർക്കാർസമീപനം യാഥാർഥ്യബോധമില്ലാത്തതാണെന്നു പറയാതെവയ്യ. സർക്കാറിന്റെ പുതിയ കാർഷികവികസനനയരേഖയിലാണ്‌ ഈ നിർദേശമുള്ളത്‌. വിഷപരിശോധനയുടെ സങ്കീർണപ്രക്രിയകൾക്കു സൗകര്യമുള്ള പരീക്ഷണശാലകൾക്കു പുറത്ത്‌ ആ പരിശോധന നിർവഹിക്കണമെന്നതാണ്‌ നിർദേശത്തിന്റെ സാരാംശം. അതിനുള്ള പുത്തൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ കാർഷികസർവകലാശാല ശ്രമിക്കണമെന്നുകൂടി നയരേഖ ആഹ്വാനംചെയ്യുന്നു. സസ്യകോശങ്ങളിലെ കീടനാശിനിയവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധനയുടെ സ്വഭാവം മനസ്സിലാക്കാതെയാണ്‌ ഈ നിർദേശം. സുസജ്ജമായ പരീക്ഷണശാലകളിൽമാത്രമേ അതു നടത്താനാവൂ എന്നതാണ്‌ യാഥാർഥ്യം.
സൂക്ഷ്മതയോടുകൂടിയാണ്‌ പരിശോധനയ്ക്കുള്ള മാതൃകകളെടുക്കേണ്ടത്‌. കീടനാശിനിയിലെ രാസവസ്തുക്കൾ ഉപാപചയത്തിനു വിധേയമാവുന്നതു തടയാൻ ആ മാതൃകകൾ തണുപ്പിച്ചു സൂക്ഷിക്കുകയുംവേണം. വിപണിയിൽത്തന്നെ വിഷാംശം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അതൊന്നും നടക്കില്ല. അതിനുള്ള സംവിധാനങ്ങളില്ലാത്തതാണു കാരണം.

സംവിധാനങ്ങളുള്ള പരീക്ഷണശാലകളിൽമാത്രം നടത്താവുന്നതാണ്‌ കീടനാശിനിയംശത്തിന്റെ പരിശോധന. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിലെ പരീക്ഷണാലയങ്ങളിലും കാർഷികസർവകലാശാലയുടെ പരീക്ഷണശാലയിലും ഇതിനുള്ള സൗകര്യമുണ്ട്‌. പഴം-പച്ചക്കറിയിലെ വിഷാംശം നിയന്ത്രിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത അമേരിക്കയിൽപ്പോലും സുസജ്ജമായ പരീക്ഷണശാലകളിലാണ്‌ പരിശോധന നിർവഹിക്കുന്നത്‌. ഇക്കാര്യത്തിൽ ഏറ്റവും കാർക്കശ്യം പുലർത്തുന്ന അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ എല്ലാ ജില്ലകളിലും അതിനുള്ള സംവിധാനമുണ്ട്‌. 250-ലധികം ജീവശാസ്ത്രജ്ഞരാണ്‌ അവിടെ ആ പ്രവർത്തനം നടത്തുന്നത്‌. വിദഗ്‌ധപരിശീലനം സിദ്ധിച്ചതും ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങാത്തതുമായ ‘പെസ്റ്റിസൈഡ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഓർഗനൈസേഷൻ’ എന്ന കീടനാശിനിനിയന്ത്രണവകുപ്പുതന്നെയുണ്ടവിടെ. ഇതൊന്നുമില്ലാതെയാണ്‌ നാം ചന്തയിൽത്തന്നെ വിഷപരിശോധന നടത്തണമെന്നു കല്പിക്കുന്നത്‌. വികസിതരാജ്യങ്ങളിൽപ്പോലുമില്ലാത്ത ആ സംവിധാനം എങ്ങനെ നടപ്പാക്കുമെന്നാലോചിക്കാതെയുള്ളതാണ്‌ കാർഷികവികസനനയരേഖയിലെ നിർദേശം.

ആശയം നല്ലതുതന്നെ. നടപ്പാക്കാനാവാത്തതാകുമ്പോൾ അത്‌ ഒഴികഴിവും കണ്ണിൽപ്പൊടിയിടലുമാകുമെന്നുമാത്രം. കീടനാശിനിപ്രയോഗം മഹാവിപത്തായി നമ്മെ തുറിച്ചുനോക്കിനിൽക്കുമ്പോൾ കൃത്യമായ പരിശോധനയും വേഗത്തിലുള്ള പരിശോധനാഫലവും അനിവാര്യമാണ്‌. എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരീക്ഷണശാലകൾ സ്ഥാപിക്കുകയാണ്‌ അതിനുള്ള മാർഗം. പരീക്ഷണശാലകൾ സ്ഥാപിക്കുന്നത്‌ ചെലവുള്ള കാര്യമായതിനാൽ ധനവകുപ്പിൽനിന്നുതന്നെ എതിർപ്പുയർന്നുവരാനിടയുണ്ട്‌. ജനങ്ങളുടെ ജീവനും ആരോഗ്യവുമാണോ സാമ്പത്തികമായ കരുതലിന്റെ പേരിൽ അവശ്യകാര്യങ്ങളിലുള്ള പിശുക്കാണോ വേണ്ടതെന്നാണ്‌ സർക്കാർ തീരുമാനിക്കേണ്ടത്‌. വിഷമയമായ ഭക്ഷ്യവസ്തുക്കളിൽനിന്നു കേരളത്തെ രക്ഷിക്കാൻ ഒറ്റവഴിയേയുള്ളൂ -കൃത്യമായ പരിശോധനയും കൃത്യതയുള്ള പരിശോധനാഫലം തരുന്ന പരീക്ഷണശാലകളും സമ്മർദങ്ങൾക്കു വഴങ്ങാത്ത ശിക്ഷയുമടങ്ങുന്ന ഭക്ഷ്യസുരക്ഷാസംവിധാനം രൂപപ്പെടുത്തൽ. ഉത്തരവാദിത്വമുള്ള ഒരു സർക്കാർ ചെയ്യേണ്ടതതാണ്‌. സാങ്കല്പികവും അപ്രായോഗികവുമായ നിർദേശങ്ങളല്ല യഥാർഥവും പ്രായോഗികവുമായ നടപടികളാണ്‌ ആരോഗ്യം അവകാശമായുള്ള ജനങ്ങൾക്കാവശ്യം.