ഈ ലോകം ഇങ്ങനെപോരായെന്ന് കുട്ടികള്‍ക്കു തോന്നുന്നത് തീര്‍ത്തും സ്വാഭാവികമായൊരു കാര്യമാണ്. നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്ക് വാര്‍ധക്യംവരുമ്പോള്‍ അതിനെ യൗവനംകൊണ്ടല്ലാതെ പുതുക്കിപ്പണിയാനാവില്ല. കാമ്പസ്ജീവിതത്തെ അച്ചടക്കത്തിന്റെ ഇരുമ്പുമറയ്ക്കകത്തേക്കൊതുക്കാനുള്ള ഏതുശ്രമവും പരാജയപ്പെടുകയേ ഉള്ളൂ. തത്കാലത്തേക്ക് കുട്ടികളെ കാര്‍ക്കശ്യങ്ങള്‍കൊണ്ട് പൂട്ടിയിടാനായാല്‍പ്പോലും പൊതുസമൂഹത്തിനതിന് വലിയ വിലകൊടുക്കേണ്ടിവരും. വിദ്യാര്‍ഥിരാഷ്ട്രീയം പരിധിവിടുന്നുവെന്നു തോന്നിയതുകൊണ്ടാണല്ലോ നമ്മുടെ കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കാന്‍ കോടതിയിടപെടലുണ്ടായത്. എന്നാല്‍, അതില്‍പ്പിന്നെ നമ്മുടെ വിദ്യാര്‍ഥിരാഷ്ട്രീയത്തിനും കാമ്പസുകള്‍ക്കും എന്താണു സംഭവിച്ചതെന്ന പുനരാലോചനയില്‍ അതു തെറ്റായിപ്പോയെന്ന് നമ്മുടെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിതന്നെ കുമ്പസരിച്ച സന്ദര്‍ഭം വന്നിരിക്കുകയാണിപ്പോള്‍. കേരളം ഇത് തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയം ഒഴിഞ്ഞുകൊടുത്തിടത്തേക്കു കയറിവന്നത് ഒരുവശത്ത് ജാതിയുടെയും മതത്തിന്റെയും പ്രാകൃതവിചാരങ്ങളെ പുനരാനയിക്കുന്ന ശക്തികളും മറുവശത്ത് മദ്യവും മയക്കുമരുന്നും ആഘോഷമായിമാറ്റുന്ന പണക്കൊഴുപ്പിന്റെ 'ചെകുത്താന്മാ'രുമാണ്. കാമ്പസിനെ നേരേയാക്കാനുള്ള വഴികളെക്കുറിച്ചാലോചിക്കുമ്പോള്‍ അതിനെ ഇന്നത്തെ നിലയിലാക്കിയതെന്തല്ലാമെന്നുകൂടി പുനഃപരിശോധിക്കാന്‍ തീരുമാനമെടുക്കുന്നവര്‍ക്കു ബാധ്യതയുണ്ട്.

കോളേജുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ക്കശനിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലം ആരും മറക്കുന്നില്ല. അത് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഓണാഘോഷത്തിനിടയില്‍ തസ്‌നി ബഷീര്‍ എന്ന പെണ്‍കുട്ടി മരിക്കാനിടയായ ദാരുണസംഭവമാണ്. ആഘോഷങ്ങള്‍ അതിരുകടക്കുമ്പോള്‍ സംഭവിച്ച ദുരന്തംതന്നെയാണത്. എന്നാല്‍, അതിന്റെപേരില്‍ കേരളത്തിലെ മുഴുവന്‍ കാമ്പസുകളെയും അച്ചടക്കത്തിന്റെ മുള്‍മുനയില്‍നിര്‍ത്താന്‍ ശ്രമിച്ചാല്‍ അത് കാമ്പസ് രാഷ്ട്രീയനിരോധനത്തെക്കാള്‍ മാരകമായേക്കാനിടയുണ്ട്. 2003 മെയ് 26നാണ് ഹൈക്കോടതിയുത്തരവനുസരിച്ച് കാമ്പസ് രാഷ്ട്രീയത്തിനു വിലങ്ങുവീണത്. കാമ്പസ് രാഷ്ട്രീയം വഴിതെറ്റിപ്പോകുന്നുവെന്നത് യാഥാര്‍ഥ്യമായിരുന്നു. കാരണം, രാഷ്ട്രീയത്തിന്റെ പേരില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 1970-2003 കാലഘട്ടത്തില്‍ 43 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍ പറയുന്നു. എന്നാല്‍, തിരുത്തുവേണ്ടത് രാഷ്ട്രീയത്തിന്റെ അപചയത്തിനാണ്. അതിനുപകരം രാഷ്ട്രീയംതന്നെ ഒഴിവാക്കുകയെന്ന വിധിയിലൂടെ നാം ഏറ്റുവാങ്ങിയതാകട്ടെ അതിലും മാരകമായ രോഗമായിരുന്നു. സാമുദായികഭീകരതകള്‍ക്ക് നമ്മുടെ യൗവനത്തെ ഗ്രസിക്കാനുള്ള അവസരമാണ് അതിലൂടെ നമ്മുടെ കാമ്പസുകളില്‍ സൃഷ്ടിക്കപ്പെട്ടത്.

കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നമ്മുടെ പുതിയ യൗവനം മുന്നോട്ടുവെയ്ക്കുന്ന സര്‍ഗാത്മകരാഷ്ട്രീയത്തിനും സ്വാധീനശക്തിയാകാന്‍ സാധിക്കുന്നില്ല. കാമ്പസില്‍ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയത്തിന്റെ അഭാവം മുഖ്യധാരാരാഷ്ട്രീയത്തില്‍ വലിയ വിടവാണു സൃഷ്ടിച്ചിരിക്കുന്നത്. ഇറച്ചിക്കോഴികളെപ്പോലെ കൂട്ടിലിട്ട് ഭക്ഷണവും മരുന്നും കൊടുത്ത് വളര്‍ത്തേണ്ടവരല്ല കുട്ടികള്‍. അത് എന്‍ജിനീയര്‍മാരെയും ഡോക്ടര്‍മാരെയും മാത്രം ഉത്പാദിപ്പിക്കേണ്ട ബ്രോയ്‌ലര്‍ ഫാക്ടറികളുമല്ല. കാമ്പസിലെ യൗവനത്തിനുമേല്‍ എന്തിനും മേലധികാരിയുടെ മുന്‍കൂര്‍ അനുമതിയുണ്ടെങ്കില്‍ മാത്രം ചെയ്യാന്‍പറ്റുന്നതരം പെരുമാറ്റച്ചട്ടം കൊണ്ടുവന്നാല്‍ ഉദ്ദേശിച്ച ഫലമുണ്ടാക്കുമെന്നും തോന്നുന്നില്ല. കുട്ടികളെ ശത്രുപക്ഷത്തല്ല ഇരുത്തേണ്ടത്. അവര്‍ ഭാവിയുടെ പക്ഷത്താണ്. അവരെ ഒപ്പം കൂട്ടണം. പുതിയ എ.കെ. ആന്റണിയെ കേള്‍ക്കാന്‍ കേരളം തയ്യാറാകണം. രാഷ്ട്രീയമല്ല, രാഷ്ട്രീയത്തിന്റെ അപചയമാണു തിരുത്തപ്പെടേണ്ടത്. ചരിത്രം നാളെ നമ്മെ കുറ്റക്കാരെന്നു വിധിക്കുന്ന സാഹചര്യം നാംതന്നെ ഉണ്ടാക്കിത്തീര്‍ക്കരുത്.