എഫ്.ഒ.എ.ബി (ഇടത്), കീവിൽ നിന്നുള്ള ദൃശ്യം | Photot: https://youtu.be/S2FGA3Z-oYM, https://twitter.com/jimsciutto
കീവ്: യുക്രൈനെ നാല് ഭാഗത്ത് നിന്നും ചുറ്റി വളഞ്ഞ് ആക്രമിക്കുകയാണ് റഷ്യ. യുക്രൈനെ അധീനതയിലാക്കാൻ പുതിൻ തന്റെ സൈന്യത്തേയും ആയുധങ്ങളേയും ഉപയോഗിക്കുമ്പോൾ മറ്റു രാജ്യങ്ങൾ സംഘര്‍ഷത്തില്‍ പക്ഷം ചേര്‍ന്ന് ഇടപെടുന്നതിനെതിരെ മുന്നറിയിപ്പും അദ്ദേഹം നല്‍കി. യുക്രൈൻ - റഷ്യ വിഷയത്തിൽ ഇടപെട്ടാൽ കനത്ത ആഘാതമേൽക്കേണ്ടി വരുമെന്ന് ആദ്യം തന്നെ പുതിൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതുകൊണ്ട് തന്നെയാവണം നാറ്റോ രാജ്യങ്ങളടക്കമുള്ളവർ സൈന്യത്തെ അയക്കാതെ, വാക് പയറ്റിൽ മാത്രമായി ഒതുങ്ങുന്നത്.
11 വ്യോമകേന്ദ്രങ്ങളടക്കം യുക്രൈന്റെ 74 സൈനികകേന്ദ്രങ്ങൾ ആക്രമിച്ചെന്നും ആദ്യദിനം വിജയകരമാണെന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. ചെർണോബിൽ ആണവ മാലിന്യകേന്ദ്രം റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. യുക്രൈന്റെ സൈനിക ഹെലികോപ്റ്ററും മൂന്നു ഡ്രോണുകളും വെടിവെച്ചിട്ടു. സൈനികരും നാട്ടുകാരുമടക്കം 68 പേർ കൊല്ലപ്പെട്ടു. റഷ്യയുടെ ഏഴു യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു. അമ്പതോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായുമാണ് വിവരം.
എന്നാൽ ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്നത് റഷ്യയുടെ ആയുധപ്പുരയിലേക്കാണ്. 'എല്ലാ ബോംബുകളുടെ പിതാവ്' എന്ന് വിശേപ്പിക്കപ്പെടുന്നത് അടക്കം ലോകത്തെ ഏറ്റവും മാരകങ്ങളായ ആണവ, ആണവേതര ബോംബ് ശേഖരണങ്ങൾ റഷ്യയുടെ ആയുധപ്പുരയിലുണ്ട്. ഒരു തിരിച്ചടി നേരിടേണ്ടിവന്നാൽ ഏത് നിമിഷവും ഏത് ആയുധവും പ്രയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
'എല്ലാ ബോംബുകളുടേയും പിതാവ്' പ്രയോഗിക്കാനൊരുങ്ങി റഷ്യ?
എല്ലാ ബോംബുകളുടേയും പിതാവ് (Father of All Bombs (FOAB)) എന്നറിയപ്പെടുന്ന ഏറ്റവും മാരകമായ ആണവേതര ബോംബാണ് ഇപ്പോൾ ലോകത്തിന് മുന്നിൽ ഭീതിയുണർത്തുന്നത്. മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ പാകത്തിലുള്ള ഈ ബോംബ് യുക്രൈനെതിരെ പ്രയോഗിക്കാൻ പുതിൻ പദ്ധതിയിടുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യ - യുക്രൈൻ യുദ്ധത്തിൽ യുക്രൈനെ വിറപ്പിക്കാൻ വേണ്ടി എഫ്.ഒ.എ.ബി ഉപയോഗിക്കാൻ ഇതിനകം തന്നെ സൈനികർക്ക് പുതിൻ ഉത്തരവ് നൽകിയതായി പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബോംബ്
എല്ലാം ബോംബുകളുടേയും പിതാവ്, 'ദ മോൺസ്റ്റർ ബോംബ്'. യുദ്ധ വിമാനങ്ങളിൽ നിന്ന് ഉപയോഗിക്കാൻ പാകത്തിലുള്ളതാണ് ഈ രാക്ഷൻ ബോംബ്. വ്യാപക നാശനഷ്ടങ്ങളുണ്ടാക്കാൻ പാകത്തിലുള്ള ഈ ബോംബ് 44 ടണ്ണിലധികം ടി.എൻ.ടിക്ക് തുല്യമായ സ്ഫോടന ശേഷിയുണ്ട്. ജെറ്റ് വിമാനത്തിൽ നിന്ന് താഴേക്കിടുമ്പോൾ അന്തരീക്ഷത്തിൽ തന്നെ ഇത് പൊട്ടിത്തെറിക്കുകയും ആണവായുധത്തിന് സമാനമായ പ്രഹര ശേഷിക്കിടയാക്കുകയും ചെയ്യുന്നു. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2007ലാണ് റഷ്യ ആദ്യമായി എഫ്.ഒ.എ.ബി പരീക്ഷിക്കുന്നത്.
എല്ലാ ബോംബുകളുടെ മാതാവിനേക്കാൾ വീര്യമേറിയത്
അമേരിക്ക നിർമ്മിച്ച 'എല്ലാ ബോംബുകളുടേയും മാതാവി' (Mother of All Bombs (MOAB))നേക്കാൾ ഏറെ ഭീകരമാണ് എഫ്.ഒ.എ.ബി. എഫ്.ഒ.എ.ബി, എം.ഒ.എ.ബിയേക്കാൾ നാലിരട്ടി പ്രഹരശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. 2003ൽ ഫ്ലോറിഡയിൽ പരീക്ഷിച്ച എം.ഒ.എ.ബി 2017ൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് അമേരിക്ക ആദ്യമായി പ്രയോഗിച്ചത്.
സിറിയയിൽ പ്രയോഗിച്ച ബോംബ് യുക്രൈനിലും പ്രയോഗിക്കുമോ?
നേരത്തെ സിറിയയിൽ പ്രയോഗിച്ചു എന്ന് റഷ്യ അവകാശപ്പെടുന്ന എഫ്.ഒ.എ.ബി യുക്രൈനിലും പ്രയോഗിക്കുമോ എന്ന ഭീതിയിലാണ് ഇപ്പോൾ മറ്റു രാജ്യങ്ങൾ.
യുക്രൈൻ - റഷ്യ സേനാബലം ഒരു താരതമ്യം
ശക്തമായ സൈനിക ബലത്തോടെയാണ് റഷ്യ യുക്രൈനെ നേരിടുന്നത്. യുദ്ധ സാമഗ്രികളിലും ആയുധങ്ങളിലും യുക്രൈനേക്കാൾ റഷ്യ ഏറെ മുന്നിലാണ്.

Content Highlights: Will Russia use 'Father of All Bombs' against Ukraine? all need to know
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..