
ജോൺ പോൾ/ ഫോട്ടോ: ശിവപ്രസാദ് ജി
എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോണ്‍ പോളിനെ സംവിധായകന് സത്യന് അന്തിക്കാട് ഓര്‍ക്കുന്നു.
മനസ്സുകൊണ്ട് വളരെ അടുത്ത ആളുകളെ അവര്‍ അകന്നുപോയതിനുശേഷം ഓര്മിക്കുകയെന്നത് ഒരു സുഹൃത്ത് എന്ന നിലയില്‍ സങ്കടകരമായ കാര്യമാണ്. ജോണ്സണ് മുതല്‍ ജോണ്‍പോള്‍ വരെയുള്ളവര്‍ അങ്ങനെ നഷ്ടപ്പെട്ടുപോയവരാണ്. നെടുമുടി വേണു, ലളിത ചേച്ചി തുടങ്ങി ഈയടുത്തകാലത്ത് ധാരാളം പേര് കണ്മുന്നില് നിന്നും മാഞ്ഞുപോയി. അതിലെ അവസാനത്തെ ഒരു ബിന്ദുവാണ് ജോണ്‍ പോള്‍. ഒരു സമയത്ത് അതീവ ഗുരുതരാവസ്ഥയിലാവുകയും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ആളാണ് ജോണ്‍ പോള്‍.
എന്റെ നടക്കാതെ പോയ ആദ്യത്തെ സിനിമയുടെ തിരക്കഥാകൃത്താണ് ജോണ്‍പോള്‍. 'കുറുക്കന്റെ കല്യാണം' എന്ന സിനിമയ്ക്ക് മുമ്പ് ചമയം (ജോണ്‍ തന്നെ എഴുതി ഭരതന് സംവിധാനം ചെയ്ത ചമയമല്ല, മറ്റൊരു ചമയം) എന്ന സിനിമ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. കേരള കലാമണ്ഡലത്തിലെ മൂന്നു വിദ്യാര്‍ഥികളുടെ കഥയായിരുന്നു അത്. അക്കാലത്ത് ജോണിന്റെ കൂടെ ഞാന്‍ ചെറുതുരുത്തിയിലും കലാമണ്ഡലത്തിലുമൊക്കെ സഞ്ചരിച്ചു. അവിടത്തെ കൂത്തമ്പലത്തില്‍ പരിപാടികള്‍ കണ്ടാസ്വദിച്ചു.
തിരക്കഥാകൃത്ത് എഴുതിത്തരുന്ന റെഡിമെയ്ഡ് സ്ക്രിപ്റ്റ് വെച്ചിട്ടല്ല ഒരു സിനിമാ സംവിധായകന് സിനിമയെ സമീപിക്കേണ്ടത് എന്ന് എന്നെ പഠിപ്പിച്ച ഗുരുനാഥനാണ് ജോണ്‍പോള്‍; സുഹൃത്ത് എന്നതിലുപരി. എങ്ങനെയാണ് സിനിമയെ സമീപിക്കേണ്ടത്? ഒരു തിരക്കഥാകൃത്ത് എഴുതിത്തരുന്ന സ്ക്രിപ്റ്റ് നേരെ കൊണ്ടുപോയി ഷൂട്ടു ചെയ്യുകയല്ലാതെ, അതിന്റെ ആദ്യപടിമുതല് കൂടെ നടന്ന് കഥയെ മുഴുവനായും സാംശീകരിക്കേണ്ടതെങ്ങനെയെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് ജോണ്‍ ആയിരുന്നു.
ഞാനും ജോണും പ്ലാന്‍ ചെയ്ത ചമയം യഥാര്‍ഥത്തില്‍ എന്റെ പ്രാക്ടിക്കല്‍ ലാബായിരുന്നു. സിനിമയുടെ കുറച്ചുഭാഗങ്ങളുടെ ഷൂട്ടിങ് നടന്നെങ്കിലും പലകാരണങ്ങള്‍ കൊണ്ടും അത് മുളയിലേ കരിഞ്ഞുപോയി. പിന്നീട് എന്റെ പല സിനിമകള്‍ക്കും വേണ്ടി ജോണ്‍ എഴുതി. അധ്യായം ഒന്നുമുതല്‍, അടുത്തടുത്ത്, രേവതിക്കൊരു പാവക്കുട്ടി തുടങ്ങിയ സിനിമകളിലൂടെ ഞങ്ങള്‍ സിനിമയെ കൂടുതല്‍ തേടിപ്പഠിച്ചു.
മലയാള സിനിമയുടെ പ്രസന്നമായ മുഖമാണ് ജോണ്‍ പോള്‍. ഒരു വലിയ സംഘം ചെറുപ്പക്കാരെ മുഖ്യധാരയിലേക്ക് നയിക്കാന്‍ കാരണക്കാരനായ വ്യക്തിയാണ് അദ്ദേഹം. അതുതന്നെയാണ് ജോണ്‍ പോള്‍ എന്ന വലിയ പേരിന്റെ മഹത്വവും. കുറേപേര്‍ക്ക് ജോണങ്കിളാണ്, കുറേപ്പേര്‍ക്ക് ജോണേട്ടനാണ്. ഞാന്‍ ജോണ്‍ പോള്‍ എന്നു തന്നെയായിരുന്നു വിളിച്ചത്. പ്രതിഭകളെ കണ്ടെത്തിയാല്‍ അവരെ നല്ല സിനിമയുടെ വഴിയിലേക്ക്, സിനിമയിലേക്ക് നയിക്കുന്നത് ജോണ്‍ പോളിന്റെ പതിവായിരുന്നു. പുതിയ സംവിധായകര്‍ വരുമ്പോള്‍ മോഹന്‍ലാലിന്റെയടുത്ത് കഥ പറഞ്ഞ്, സെഞ്ച്വറി കൊച്ചുമോന്റെയടുത്ത് കഥ പറഞ്ഞ്, നവാഗതരുമായി അവരെ ബന്ധപ്പെടുത്തി ഒരു നല്ല പ്രൊജക്ടാക്കി മാറ്റിയിട്ട് അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള കഴിവ് ജോണ്‍ പോളിനുണ്ടായിരുന്നു. പക്ഷേ ഒരു അവകാശവാദവും ജോണ്‍ ഉന്നയിക്കാറില്ല.
തന്റെ അതിബൃഹത്തായ സൗഹൃദങ്ങള്‍ ഒരിക്കലും സ്വകാര്യമായ ആവശ്യങ്ങള്‍ക്കായി ജോണ്‍ ഉപയോഗിച്ചിട്ടേയില്ല. ഒരുപാട് സംവിധായകരും നടന്മാരും സ്വന്തം കയ്യില്‍ക്കൂടി കടന്നുപോയവരാണെങ്കിലും എന്തെങ്കിലും ഒരു ആവശ്യം സ്വയം വേണമെന്ന് അവരോട് ജോണ്‍ പറഞ്ഞിട്ടില്ല.
എന്റെ ഏറ്റവും വലിയ സന്തോഷം എന്നത് ജോണിന്റെ കൂടെ സ്ക്രിപ്റ്റ് എഴുതാനിരിക്കുമ്പോള്‍ അദ്ദേഹം പറയുന്ന കഥകളായിരുന്നു. അത് സാഹിത്യത്തില്‍ നിന്നാവാം, അനുഭവത്തില്‍ നിന്നാവാം, സിനിമയിലൂടെ കടന്നുവരുമ്പോള്‍ നടന്ന സംഭവങ്ങളാവാം, സിനിമയിലെ മറ്റൊരു ധാരയിലെ, എനിക്കു പരിചയമില്ലാത്ത പവിത്രന്റെയും ഭരതന്റെയും പത്മരാജന്റെയും കഥകളിലൂടെയാവാം. ഇങ്ങനെയെല്ലാത്തരത്തിലുമുള്ള കഥകളുടെ മോഹിപ്പിക്കുന്ന ഒരു ഭാണ്ഡമാണ് ജോണിന്റെ ഉള്ളിലുണ്ടായിരുന്നത്. അവസാനം വരെയും ജോണ്‍ ആ ഭാണ്ഡം തുറന്നുകൊണ്ടേയിരുന്നു. മലയാളസിനിമയുടെ പ്രസാദാത്മകമായ ആ മുഖമാണ് നഷ്ടപ്പെട്ടത്; നഷ്ടം എന്നതിനേക്കാളും നൊമ്പരമാണ്.
ഇന്നുനമ്മള്‍ കണ്ട ശരീരഭാഷയേ ആയിരുന്നില്ല ജോണ്‍ പോളിന്റെത്. അതെല്ലാം ഈയടുത്തകാലത്ത് വന്നുസംഭവിച്ചതാണ്. വളരെ സുമുഖനായ മെലിഞ്ഞുനീണ്ട ജോണ്‍ പോളിനെ എനിക്കറിയാം. കനറാബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അത് വിട്ടിട്ടാണ് സിനിമയിലേക്ക് വന്നത്.
അടുത്ത കാലത്ത് ജോണ്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്,രക്ഷപ്പെടുമോ ഇല്ലയോ എന്ന അവസ്ഥയില്‍ ആണ് എന്ന് കേട്ടിരുന്നു. അങ്ങനെ വിവരങ്ങള്‍ വന്നും പോയുമിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി എനിക്ക് രാജീവിന്റെ കോള്‍ വന്നു. എന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു രാജീവ്. അദ്ദേഹം അമൃത ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. രാജീവ് എന്നെ വിളിച്ചിട്ടു പറഞ്ഞു: ''ഞാന്‍ ജോണ്‍ പോള്‍ സാറിന് ഫോണ്‍ കൊടുക്കാം.'' ''ജോണോ! ജോണ്‍ വളരെ സീരിയസ്സായി ആശുപത്രിയില്‍ കിടക്കുകയാണല്ലോ?'' എന്ന് ഞാന്‍ പറഞ്ഞു മുഴുവനാക്കിയില്ല മറുതലയ്ക്കല്‍ നിന്നും ആ ശബ്ദം കേട്ടു: ''സത്യാ, ജോണാണ്!'' ഞാന്‍ ഞെട്ടിപ്പോയി. ''തിരിച്ചുവന്നോ, ജീവിതത്തിലേക്ക്'' എന്നു ഞാന്‍ ചോദിച്ചു. തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്ന് ജോണ്‍ പറഞ്ഞു. ആ പ്രതീക്ഷയിലായിരുന്നു ഇതുവരെ. ജോണിന്റെ ആരോഗ്യനില പലപ്പോഴും ആശങ്കാജനകമായി തുടര്‍ന്നപ്പോഴും പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍ ഓര്‍ക്കുമായിരുന്നു. പക്ഷേ ജോണ്‍ തിരിച്ചു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..