മഠത്തിൽ അബ്ദുൾ അസീസ്(ഇടത്ത്) മരിച്ച റിഫ മെഹ്നു(വലത്ത്) ഫയൽചിത്രം | Photo: Mathrubhumi & facebook.com/RifaMehnu919
കോഴിക്കോട്: പോലീസിന്റെ ആവശ്യപ്രകാരം ഒളവണ്ണ സ്വദേശി മഠത്തില്‍ അബ്ദുള്‍ അസീസ് പാവണ്ടൂര്‍ ജുമാമസ്ജിദിലും എത്തി. ദുരൂഹസാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പാവണ്ടൂര്‍ ജുമാമസ്ജിദിലെ കബര്‍സ്ഥാനില്‍നിന്ന് പുറത്തെടുക്കുക എന്നതായിരുന്ന ശനിയാഴ്ച അസീസിന്റെ ദൗത്യം. ഒളവണ്ണയില്‍നിന്ന് തന്റെ ഹാര്‍ലി ഡേവിസണ്‍ ബൈക്കില്‍ പാവണ്ടൂരിലെത്തിയ അസീസ് പതിവുപോലെ തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി. ഒടുവില്‍ നാട്ടുകാരുടെ ആദരവും അഭിനന്ദനവും ഏറ്റുവാങ്ങി ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ മൂവായിരത്തിലേറെ മൃതദേഹങ്ങളാണ് അബ്ദുള്‍ അസീസ് കൈകാര്യം ചെയ്തിട്ടുള്ളത്. അപകടങ്ങളില്‍പ്പെട്ടവരുടെയും നാളുകളേറെ കഴിഞ്ഞ് ജലാശയങ്ങളില്‍ പൊങ്ങിയ മൃതദേഹങ്ങളും യാതൊരു മടിയും കൂടാതെ ഈ 57-കാരന് പുറത്തെടുക്കും. അതിനാല്‍തന്നെ എവിടെയെങ്കിലും അപകടങ്ങളുണ്ടായാലോ സംസ്കരിച്ച മൃതദേഹം പുറത്തെടുക്കേണ്ടി വന്നാലോ പോലീസും അസീസിനെ തേടിയെത്തും. പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുക്കാനായി നാലുദിവസം മുമ്പാണ് താമരശ്ശേരി ഡിവൈ.എസ്.പി. അസീസിനെ ബന്ധപ്പെടുന്നത്. ശനിയാഴ്ച മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ചതോടെ ഒളവണ്ണയില്‍നിന്ന് അസീസ് പാവണ്ടൂരിലേക്ക് വരികയായിരുന്നു.
'മൃതദേഹം മണ്ണുമായി ഒട്ടിപിടിച്ച നിലയിലായിരുന്നു. രണ്ട് മാസം മുമ്പ് കബറടക്കിയതായിരുന്നെങ്കിലും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞു. ശരീരമാകെ ചുക്കിചുളിഞ്ഞനിലയിലായിരുന്നു. ആദ്യനോട്ടത്തില്‍ തന്നെ മൃതദേഹം നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടില്ലെന്ന് മനസിലായി. സാധാരണരീതിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ യാതൊരു അടയാളങ്ങളും ശരീരത്തിലുണ്ടായിരുന്നില്ല. നല്ലരീതിയില്‍ എംബാം ചെയ്തിരുന്നു. സ്ലാബുകള്‍ മാറ്റിയ ശേഷം സാരി ഉപയോഗിച്ച് തൊട്ടില് പോലെയാക്കിയാണ് മൃതദേഹം പുറത്തേക്കെടുത്തത്'- അസീസ് 'മാതൃഭൂമി ഡോട്ട് കോമി'നോട് പറഞ്ഞു. ശനിയാഴ്ച റിഫയുടെ മൃതദേഹം പുറത്തെടുക്കാന്‍ നാട്ടുകാരും പള്ളിക്കമ്മിറ്റിക്കാരും അടക്കം എല്ലാവരുടെ സഹായിച്ചെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംസ്കരിച്ചതോടെ കുഴിച്ചിട്ടതോ ആയ മൃതദേഹങ്ങള്‍ അസീസ് പുറത്തെടുക്കുന്നത് ഇതാദ്യമായല്ല. ഇത്തരത്തിലുള്ള 18-ാമത്തെ സംഭവമാണ് പാവണ്ടൂരിലേത്. നേരത്തെ കോഴിക്കോട് വെസ്റ്റ്ഹില്‍, പാറോപ്പടി, മലപ്പുറം, കൊല്ലം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും സമാനസംഭവങ്ങളില്‍ പോലീസ് അസീസിന്റെ സഹായം തേടിയിരുന്നു.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും മറവുചെയ്യാനും എത്തുന്ന അസീസ് തന്റെ 17-ാം വയസ് മുതല്‍ ഈ സേവനപാതയിലുണ്ട്. ഇത്രയും കാലത്തിനിടെ ഈ 57-കാരന് കൈകാര്യം ചെയ്തത് 3900 മൃതദേഹങ്ങളാണ്.
കടലുണ്ടി തീവണ്ടി അപകടം, പൂക്കിപ്പറമ്പ് ബസ് അപകടം, പാണമ്പ്രയിലെ അപകടം, നിപ്പ, തുടങ്ങി നിരവധി ദുരന്തമുഖങ്ങളിലും അസീസ് മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ആരെങ്കിലും നിര്‍ബന്ധിച്ച് പണം നല്കിയാല് അത് വീല്‍ച്ചെയറിനോ വാട്ടര്‍ബെഡിനോ വേണ്ടി മുടക്കാനാണ് ഇദ്ദേഹം ആവശ്യപ്പെടാറുള്ളത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പാവങ്ങള്‍ക്ക് വേണ്ടി സമാഹരിച്ചുട്ടള്ളത്. മുങ്ങിമരണമോ അപകടമരണമോ അജ്ഞാത മൃതദേഹമോ എന്താണെങ്കിലും ആരും വിളിച്ചാലും എവിടെയായാലും ഓടിയെത്തുമെന്ന് മുന്‍ ഒളവണ്ണ പഞ്ചായത്തംഗം കൂടിയായ അസീസ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..