പ്രതീകാത്മകചിത്രം| Photo: Mathrubhumi
സൂറത്ത്: ഒരേ യുവതിയെ പ്രണയിച്ചതിനെചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഗുജറാത്ത് സൂറത്തിലെ അങ്കലേഷര്‍ സ്വദേശി സതീഷ് വാസവയാണ് സുഹൃത്തിന്റെയും കൂട്ടാളികളുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുഹൃത്തായ രാകേഷ് വാസവയും കൂട്ടാളികളായ ആറുപേരും ചേര്‍ന്നാണ് സതീഷിനെ കൊലപ്പെടുത്തിയതെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് സതീഷ് വാസവ കൊല്ലപ്പെട്ടത്. സതീഷും പ്രതിയായ രാകേഷും ഒരുവര്‍ഷം മുമ്പ് വരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നഴ്‌സായ ഒരു യുവതിയുമായി സതീഷ് പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തില്‍നിന്ന് പിന്മാറി. പിന്നാലെ യുവതി സതീഷിന്റെ സുഹൃത്തായ രാകേഷുമായി അടുപ്പത്തിലായി. ഇതോടെ യുവാക്കളുടെ സൗഹൃദത്തില്‍ വിള്ളല്‍വീഴുകയായിരുന്നു. ഈ പ്രണയത്തിന്റെ പേരില്‍ രാകേഷും സതീഷും നിരന്തരം വഴക്കിട്ടിരുന്നു. ചെറിയകാര്യങ്ങള്‍ക്ക് പോലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുന്നതും പതിവായിരുന്നു.
വെള്ളിയാഴ്ച രാത്രി സതീഷ് ബന്ധുവായ കിഷനൊപ്പം ടൗണിലേക്ക് പോയി. ഇതിനിടെ രാകേഷും കൂട്ടരും ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് പരാതി. അരിവാള്‍ കൊണ്ട് രാകേഷ് സതീഷിന്റെ തലയില്‍ വെട്ടിപരിക്കേല്‍പ്പിച്ചെന്നും ദൃക്‌സാക്ഷിയായ കിഷന്‍ പോലീസിനോട് പറഞ്ഞു. ആക്രമണം ഭയന്ന് ഓടിരക്ഷപ്പെട്ട കിഷന്‍ പിന്നീട് ബന്ധുക്കളെ കൂട്ടി തിരിച്ചെത്തിയപ്പോള്‍ ചോരയില്‍കുളിച്ചുകിടക്കുന്ന സതീഷിനെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: youth kills friend as both loved same woman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..