പ്രതീകാത്മക ചിത്രം | ANI
ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഭുവനേശ്വറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ നവീന്‍ദാസിന്റെ മകന്‍ മനീഷ് അനുരാഗി (30)ന്റെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മനീഷിന്റെ സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമൃത് പ്രിഥം ബിസ്വാല്‍(30) ദിനേശ് മഹപാത്ര(31) മൃത്യുജ്ഞയ മിശ്ര(38) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ ഒമ്പതാം തീയതി രാത്രി മുതലാണ് മനീഷിനെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഒക്ടോബര്‍ 10-ന് നഗരത്തിലെ കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
അടുത്തമാസം മനീഷിന്റെ വിവാഹം നടക്കാനിരിക്കുന്നതിനാല്‍ സുഹൃത്തായ അമൃത് ബാച്ചിലര്‍ പാര്‍ട്ടി നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കളായ രണ്ടുപേരെയും അമൃത് വിളിച്ചുവരുത്തി. ബാച്ചിലര്‍ പാര്‍ട്ടി നടത്താമെന്ന് സമ്മതിച്ച മനീഷ്, മൂവരെയും കൊണ്ട് ലക്ഷ്മിനഗര്‍ ഭാഗത്തേക്കാണ് ആദ്യം പോയത്. ഇവിടെനിന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് താമന്‍ഡോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മറ്റൊരു ബാറിലേക്ക് പോയി. വീണ്ടും മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇവിടെ ഏകദേശം 8000 രൂപയാണ് ബില്ലായത്. ഈ തുകയും മനീഷ് അടക്കണമെന്ന് മൂവരും നിര്‍ബന്ധം പിടിച്ചു.തന്റെ കൈയില്‍ പണമില്ലെന്നായിരുന്നു മനീഷിന്റെ മറുപടി. തുടര്‍ന്ന് ബില്ല് അടക്കാന്‍ തയ്യാറായ മനീഷ്, അമ്മയെ ഫോണില്‍ വിളിച്ച് 8000 രൂപ അക്കൗണ്ടിലേക്ക് അയച്ചുതരാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനുപിന്നാലെ അമൃത് ഉള്‍പ്പെടെയുളള പ്രതികള്‍ മനീഷുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പ്രതികളുടെ അടിയേറ്റ് മനീഷ് ബോധരഹിതനായി. തുടര്‍ന്ന് മനീഷിനെ പ്രതികള്‍ കുളത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
രാത്രി വൈകിയും മകന്‍ തിരിച്ചെത്താതായതോടെയാണ് മനീഷിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. മകനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചായിരുന്നു ഇവര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഒക്ടോബര്‍ 10-ാം തീയതി യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, യുവാവിന്റെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളില്ലെന്നും യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: youth killed in odisha over bachelor party bill amount
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..