ആശുപത്രിക്ക് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന ഹരിഹരന്റെ മാതാപിതാക്കൾ | Screengrab: Youtube.com| Puthiyathalaimurai TV
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കാമരാജപുരം സ്വദേശി ജയറാമിന്റെ മകന് ഹരിഹര(22)നാണ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് ആരോപണം. കേസില്‍ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച കരൂര്‍ കല്ല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ഹരിഹരനെ ഇവിടേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ആക്രമിച്ചത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കരൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബാര്‍ബറായ ഹരിഹരനും കരൂര്‍ സ്വദേശിയായ യുവതിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലാണെന്നാണ് പോലീസ് പറയുന്നത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും കോളേജ് പഠനകാലത്താണ് അടുപ്പത്തിലായത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് യുവതി ഹരിഹരനുമായി സംസാരിക്കുന്നത് നിര്‍ത്തി. ബന്ധുക്കളുടെ സമ്മര്‍ദമായിരുന്നു കാരണം. നിരവധി തവണ ഹരിഹരന് കാമുകിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
കാമുകിയോട് സംസാരിച്ച് ബന്ധം തുടരണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. ഇക്കാര്യമറിഞ്ഞ യുവതിയും ബന്ധുക്കളും ബുധനാഴ്ച നേരില്‍ക്കണ്ട് സംസാരിക്കാമെന്ന് അറിയിച്ചു. ക്ഷേത്രത്തിലേക്ക് വരാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ബുധനാഴ്ച ഹരിഹരന് ക്ഷേത്രത്തിന് മുന്നിലെത്തി. ഇവിടെവെച്ച് കാമുകിയും ഹരിഹരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഹരിഹരനെ കുത്തിവീഴ്ത്തുകയായിരുന്നു.
കേസില്‍ യുവതിയുടെ ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ശങ്കര്‍, കാര്ത്തികേയന്, വെള്ളൈസ്വാമി എന്നിവരാണ് അറസ്റ്റിലായത്. താഴ്ന്ന ജാതിക്കാരനായതിനാലാണ് ഹരിഹരനെ കൊലപ്പെടുത്തിയതെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും ആരോപണമുണ്ട്.
Content Highlights: youth killed in karur tamilnadu over love affair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..