ജിബിൻ, ജോസ്
കല്ലടിക്കോട്: ഉറങ്ങാൻ കിടന്ന മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചതിനെത്തുടർന്ന് അച്ഛനെ അറസ്റ്റു ചെയ്തു. പാലക്കയം പുതുക്കാട് കടുവക്കുഴിയിൽ ജിബിൻ (ഉണ്ണിക്കൊച്ച്-29) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ കടുവക്കുഴിയിൽ ജോസി(57)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമായിരുന്നു സംഭവമെന്ന് കരുതുന്നു. രാത്രി അച്ഛനും മകനും തമ്മിൽ മദ്യലഹരിയിൽ വഴക്കിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിബിനെ തലയ്ക്ക് ചുറ്റികവെച്ച് അടിക്കുകയായിരുന്നെന്ന് ജോസ് പോലീസിനോട് പറഞ്ഞു. രാവിലെ ആറു മണിയോടെ ജോസ് തന്നെയാണ് വിവരം സമീപവാസികളായ ബന്ധുക്കളെ അറിയിച്ചത്.
ഇവർ സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവായിരുന്നെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു. രാത്രിയുണ്ടായ വഴക്കിൽ ജിബിൻ ജോസിനെ അടിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ജിബിനെ ചുറ്റിക കൊണ്ട് അടിച്ചതെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു. ഇവർ വീട്ടിൽ സ്വന്തമായി വാറ്റി കുടിച്ചിരുന്നെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
രണ്ട് വർഷത്തോളമായി ജോസിന്റെ ഭാര്യ ഇവരുടെ കൂടെ താമസമില്ല. ജിബിന്റെ ഭാര്യ റീനയും കുട്ടിയും അവരുടെ വീട്ടിലുമാണ്. പ്രസവത്തിനു പോയ ഇവർ തിരിച്ചുവന്നിട്ടില്ല.
മണ്ണാർക്കാട് ഡിവൈ.എസ്.പി. സുനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിജുകുമാർ, കല്ലടിക്കോട് സി.ഐ. സിജോ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പാലക്കാട്ടുനിന്ന് വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. കോവിഡ് പരിശോധന നടത്തി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. കല്ലടിക്കോട് പോലീസ് കേസെടുത്തു.
Content Highlights: youth killed by father in palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..