കൊല്ലപ്പെട്ട ഇമ്മാനുവൽ
അരൂര്‍: തലയ്ക്ക് പരിക്കേറ്റ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കുത്തിയതോട് പള്ളിത്തോട് ചെട്ടിവേലിക്കകത്ത് തങ്കച്ചന്റെ മകന്‍ ഇമ്മാനുവലിന്റെ (22) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ഇമ്മാനുവലിന്റെ സഹോദരന്‍ ഷാരോണിന്റെ പേരില്‍ കൊലപാതകത്തിന് കുത്തിയതോട് പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
കഴിഞ്ഞ് 12-നാണ് പരിക്കേറ്റ നിലയില്‍ ഇമ്മാനുവലിനെ തുറവൂര്‍ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കുപിന്നില്‍ വെട്ടിയതാണെന്ന് കണ്ടെത്തി.
കുത്തിയതോട് സ്റ്റേഷന്‍ ഓഫീസര്‍ ജെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ വെട്ടാന്‍ ഉപയോഗിച്ച രക്തംപുരണ്ട അരിവാളും അടിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന മിക്‌സിയുടെ ജാറും കണ്ടെത്തി. പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഷാരോണ്‍ ഇമ്മാനുവലിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഒളിവില്‍പ്പോയ ഷാരോണ്‍ ഇമ്മാനുവലിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..