റോമ ഷെയ്ഖ്. Image Screen Captured from Youtube Video of Dighvijay News
ബെംഗളൂരു: രണ്ടാം ഭാര്യയ്‌ക്കൊപ്പം സ്ഥിരതാമസമാക്കിയ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആദ്യഭാര്യ. ഒടുവില്‍ ഒരു ഫാംഹൗസില്‍ ബന്ദിയാക്കിയ യുവാവിനെ പോലീസ് സംഘം മോചിപ്പിച്ചു. ബെംഗളൂരുവിലായിരുന്നു നാടകീയമായ സംഭവം.
കെട്ടിട നിര്‍മാണ കരാറുകാരനായ ഷാഹിദ് ഷെയ്ഖിനെ(32) ജൂണ്‍ ഏഴാം തീയതിയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് പച്ചക്കറി വാങ്ങാന്‍ പോയ യുവാവിനെ വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയ സംഘം നേരേ ഹാസനിലേക്കാണ് പോയത്. ഇവിടെ ഒരു ഫാംഹൗസില്‍ ബന്ദിയാക്കിയ യുവാവിനെ കഴിഞ്ഞദിവസം പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കേസിലെ പ്രതികളായ ഷാഹിദിന്റെ ആദ്യഭാര്യ റോമ ഷെയ്ഖും മറ്റ് മൂന്ന് പേരും ഒളിവിലാണ്.
ഷാഹിദിന്റെ ആദ്യഭാര്യയായ റോമ ഷെയ്ഖാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഷാഹിദ് രത്‌ന ഖാത്തൂം എന്ന യുവതിയെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് ഇവരോടൊപ്പം വിശേശ്വരയ്യ ലേഔട്ടില്‍ സ്ഥിരതാമസവും തുടങ്ങി. എന്നാല്‍ ഭര്‍ത്താവ് രണ്ടാംഭാര്യയ്‌ക്കൊപ്പം സ്ഥിരതാമസമാക്കിയതും തന്റെ ആഭരണങ്ങളും പണവും രണ്ടാംഭാര്യയ്ക്ക് നല്‍കിയതും റോമയെ പ്രകോപിപ്പിച്ചു. ഇതാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി സ്വന്തമാക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്.
അഭിഷേക് എന്ന ക്വട്ടേഷന്‍ നേതാവിനും സംഘത്തിനും രണ്ട് ലക്ഷം രൂപയാണ് റോമ നല്‍കിയത്. ഇതിനിടെ, ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ രണ്ടാംഭാര്യയാണെന്ന് വരുത്തിതീര്‍ക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഷാഹിദിനെ തട്ടിക്കൊണ്ടുപോയ സംഘം റോമ ഷെയ്ഖ് അറിയാതെ രണ്ടാംഭാര്യയില്‍നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ആദ്യം പത്ത് ലക്ഷം രൂപ ചോദിച്ച സംഘം പിന്നീട് രണ്ട് ലക്ഷം നല്‍കിയാല്‍ യുവാവിനെ മോചിപ്പിക്കാമെന്ന് ഉറപ്പുനല്‍കി. രണ്ടാംഭാര്യ ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഹാസനിലെ ഫാംഹൗസില്‍നിന്ന് യുവാവിനെ മോചിപ്പിച്ചത്. പിടിയിലായ നാല് പേരെ ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ആദ്യഭാര്യയാണെന്ന് പോലീസിന് മനസിലായത്. ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും മര്‍ദനമേറ്റതിനാല്‍ ഷാഹിദ് ഷെയ്ഖിനെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: youth kidnapped from bengaluru; his first wife behind the crime


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..