കിരൺ ചന്ദ്രശേഖർ, പല്ലശ്ശന കിരൺ ചന്ദ്രശേഖർ കണ്യാർകളിയിലെ തന്റെ ഇഷ്ട പൊറാട്ടായ മണ്ണാത്തി വേഷത്തിൽ | Photo: മാതൃഭൂമി
പാലക്കാട്: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ യുവാവിനെ ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പല്ലശ്ശന ചെമ്മിണിക്കര വീട്ടില്‍ ചന്ദ്രശേഖരന്റെ മകന് കിരണ്‍ ചന്ദ്രശേഖറിനെയാണ് (30) നെന്മാറയിലുള്ള സ്വകാര്യ ആശുപത്രി വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്നും രാത്രിഷിഫ്റ്റിലെ ജോലിക്കായി ആശുപത്രിയിലേക്ക് പോയ യുവാവിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി നെന്മാറ പോലീസ് പറഞ്ഞു. കണ്യാര്‍കളി കലാകാരനായ ഇദ്ദേഹം ഡി.വൈ.എഫ്.ഐ. പല്ലശ്ശന മേഖല മുന്‍ സെക്രട്ടറിയും നാട്ടുകലാകാര യൂണിയന് ജില്ലാ ജോയന്റ് സെക്രട്ടറിയുമാണ്.
അമ്മ: രമ. ഭാര്യ: ശീതള്‍ ദാസ്. സഹോദരി: കീര്‍ത്തന. കിരണിന് മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം ശനിയാഴ്ച മൂന്നുമണിയോടെ തൂറ്റിപ്പാടം വാതകശ്മശാനത്തില്‍ സംസ്കരിച്ചു. നെന്മാറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഓര്‍മ്മയാകുന്നത് കളിയരങ്ങിലെ മണ്ണാത്തി
കൊല്ലങ്കോട്: കണ്യാര്‍കളി വേദികളിലും അവിട്ടത്തല്ലിന്റെ അരങ്ങിലുമെല്ലാം നിറസ്സാന്നിധ്യമായിരുന്ന ചെമ്മിനിക്കര കിരണ്‍ (30) ഇനി ഓര്മ മാത്രം. വെള്ളിയാഴ്ചരാത്രി നെന്മാറയിലെ സ്വകാര്യ ആശുപത്രിവളപ്പില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കിരണിന്റെ വിയോഗവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം അറിഞ്ഞത്.
പല്ലശ്ശന ദേശത്തിലും പരിസരങ്ങളിലുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കിരണിന്റെ സാന്നിധ്യവും സാമൂഹിക പ്രവര്ത്തകന് എന്ന നിലയിലുള്ള പങ്കും വലുതായിരുന്നു. കണ്യാര്കളിരംഗത്ത് ചെറുപ്പംമുതല്‍തന്നെ വിവിധ പൊറാട്ടുകള്‍ അവതരിപ്പിച്ചുവന്ന കിരണിന്റെ സ്ത്രൈണ ഭാവത്തിലൂന്നിയുള്ള മണ്ണാത്തി പുറാട്ട് ശ്രദ്ധേയമായിരുന്നു. പല്ലശ്ശനദേശത്ത് നടക്കാറുള്ള അവിട്ടത്തല്ലിലും കിരണിന്റെ സാന്നിധ്യം വലുതായിരുന്നു.
ഡി.വൈ.എഫ്.ഐ. പല്ലശ്ശന മുന്‍ മേഖലാ സെക്രട്ടറി, നാട്ടുകാലാകാര യൂണിയന് ജില്ലാ ജോയന്റ് സെക്രട്ടറി, പഞ്ചായത്ത യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നെന്മാറ സര്‍ക്കാര്‍ ആശുപത്രിയില്‍ ശനിയാഴ്ചനടന്ന പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം രണ്ടരയോടെ പല്ലശ്ശനയിലെ വീട്ടിലെത്തിച്ചു.
Content Highlights: youth hanged himself inside hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..