
വൈശാഖ് | Photo: Kerala Police
താനൂർ(മലപ്പുറം): പി.വി.എസ്. തിയേറ്ററിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് സൂചന. ബേപ്പൂർ സ്വദേശി പറമ്പത്ത് റീജയുടെ മകൻ വൈശാഖി(27)നെയാണ് വ്യാഴാഴ്ച രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഡോഗ്സ്ക്വാഡ്, വിരലടയാളവിദഗ്ദർ എന്നിവരുടെ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് പോലീസ് പറഞ്ഞത്.
താനൂരിൽ തടിപ്പണിക്ക് വന്നതായിരുന്നു വൈശാഖും സുഹൃത്തുക്കളും. കൂട്ടുകാരുമായി ചേർന്ന് മദ്യപിച്ചതിനെ തുടർന്നുണ്ടായ വഴക്കാകും കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. വൈശാഖിന്റെ തലയ്ക്കുപിന്നിൽ ശക്തമായ അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മർദ്ദിച്ചതിന്റെ പാടുകളും ശരീരത്തിലുണ്ട്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം വൈശാഖിനെ കാണാനില്ലെന്ന പരാതിയുമായി കൂട്ടുകാരെത്തിയിരുന്നു.
വൈശാഖിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കുളത്തിന് സമീപം വൈശാഖിന്റെ മൊബൈൽഫോൺ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി. കെ. സുരേഷ് ബാബുവിന്റെയും താനൂർ സി.ഐ പി. പ്രമോദിന്റെയും നേതൃത്വത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും ഇവരെ ഉടൻ കണ്ടെത്തുമെന്നും താനൂർ സി.ഐ. പി. പ്രമോദ് പറഞ്ഞു.
Content Highlights:youth found dead at pond in tanur malappuram police suspects murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..