
അപകടത്തിൽ മരിച്ച രഞ്ജിത് പരമാനന്ദൻ | Photo: മാതൃഭൂമി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരനായ ടെക്നോപാര്‍ക്ക് ജീവനക്കാരന് മരിച്ചു. ഐ ഡയനാമിക് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായ മലയിന്‍കീഴ് ശാന്തുമ്മൂല പുലരിനഗര്‍ ശ്രുതിയില്‍ രഞ്ജിത് പരമാനന്ദന്(36) ആണ് മരിച്ചത്. ഗായകനും സംഗീത സംവിധായകനുമായ പരേതനായ പരമാനന്ദന്റെ മകനാണ്.
മലയിന്‍കീഴില്‍നിന്നു തിങ്കളാഴ്ച രാത്രി എട്ടരയോടെ ജോലിക്കായി ടെക്നോപാര്‍ക്കിലേക്കു പോകുന്നവഴി ചൂഴാറ്റുകോട്ടയില്‍ ജലവകുപ്പിന്റെ പമ്പുഹൗസിനു സമീപമാണ് അപകടമുണ്ടായത്. മലയിന്‍കീഴില്‍നിന്ന് പാപ്പനംകോട്ടേക്കു വന്ന കെ.എസ്.ആര്.ടി.സി. ബസാണിടിച്ചത്.
ബസിടിച്ച് ബൈക്ക് മറിയുകയും രഞ്ജിത് ബസിനടിയില്‍ കുരുങ്ങുകയുമായിരുന്നു. ഏകദേശം ഇരുപതു മീറ്ററോളം ദൂരം ബസിന്റെ പിന്‍ഭാഗത്തെ ടയറില്‍ കുരുങ്ങി ശരീരം മുന്നോട്ടുപോയി. അപകടം നടന്നയുടന്‍ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. നാട്ടുകാരുടെ നേതൃത്വത്തില്‍ ബസുയര്ത്തിയാണ് രഞ്ജിത്തിനെ പുറത്തെടുത്തത്. മലയിന്‍കീഴ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
രഞ്ജിത്തിനെ നേമം ശാന്തിവിള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മണക്കാട് വാടകയ്ക്കു താമസിച്ചിരുന്ന കുടുംബം രണ്ടുവര്‍ഷം മുന്‍പാണ് മലയിന്‍കീഴില്‍ വീടും സ്ഥലവും വാങ്ങി താമസമാക്കിയത്. മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചു. തുടര്‍ന്ന് മാറനല്ലൂര്‍ വൈദ്യുതശ്മശാനത്തില്‍ സംസ്കരിച്ചു.അമ്മ: വസന്ത വി.എസ്., ഭാര്യ: എല്‍.ശ്രുതി. മക്കള്‍: ആഗ്നേയ്, ആരിഷ്. സഹോദരി: രജനി പരമാനന്ദന്. സഞ്ചയനം ഞായറാഴ്ച ഒന്‍പതിന്.
Content Highlights: youth died in bike accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..