തെന്മലയിൽ കാർ യാത്രികരുടെ ബാഗുമായി കടന്ന മോഷ്ടാവിനെ പിടികൂടിയ യുവാക്കളെ തെന്മല പോലീസ് ആദരിക്കുന്നു
തെന്മല: തെന്മലയില് കാര്‍ യാത്രികരുടെ ബാഗുമായി കടന്ന മോഷ്ടാവിനെ ഓടിച്ചിട്ടുപിടിച്ച് യുവാക്കള്‍. തെങ്കാശി തുവരന്‍കാട്, വി.കെ പുത്തൂര്‍ സ്വദേശി മുരുകനെയാണ് യുവാക്കള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ തെന്മല റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം.
തമിഴ്നാട് അച്ചന്‍പുത്തൂര്‍ ക്ഷേത്രത്തില്‍ പോയി തിരികെവരുകയായിരുന്നു നെടുമങ്ങാട് സ്വദേശി സുദര്‍ശനും കുടുംബവും. തെന്മല റെയില്‍വേ സ്റ്റേഷനുസമീപം കാര്‍ നിര്‍ത്തി പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന പണവും മൊബൈലും മറ്റുരേഖകളുമടങ്ങിയ ബാഗ് കൈക്കലാക്കിയ മോഷ്ടാവ് തെന്മല റെയില്‍വേ സ്റ്റേഷന് അടിപ്പാത വഴി കടന്നുകളയുകയായിരുന്നു. എന്നാല്‍ പ്രഭാതസവാരിക്കിറങ്ങിയ തെന്മല സ്വദേശികളായ വിഷ്ണു, ജ്യോതിഷ്, കെ വിഷ്ണു, മനു തുടങ്ങിയ യുവാക്കളുടെ മുമ്പിലാണ് മോഷ്ടാവ് എത്തിയത്. ഇയാളെ പന്തികേട് തോന്നിയ യുവാക്കള്‍ ഇയാളുടെ അടുത്തേക്ക് നടന്നതും മോഷ്ടാവ് ഓടിരക്ഷപെടാന്‍ ശ്രമിച്ചു.

തമിഴ് നാട് സ്വദേശി മുരുകൻ
എന്നാല്‍ യുവാക്കള്‍ പിന്നാലെയോടി ഇയാളെ കീഴ്പ്പെടുത്തി. ഈസമയത്ത് കാറിലുണ്ടായിരുന്നവര്‍ ബാഗ് അനേഷിച്ച് നെട്ടോട്ടത്തിലായിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവര്‍ ബാഗിലുണ്ടായിരുന്ന ഫോണിലേക്ക് വിളിച്ചതും ഇതേസമയത്തായിരുന്നു. തുടര്‍ന്ന് മോഷ്ടാവിനെ പിടികൂടിയകാര്യം കാര്‍ യാത്രികരോടും പോലീസിലും അറിയിച്ചു.
മൊബൈലും പണവും എടുത്തശേഷം ബാഗും അതിലുണ്ടായിരുന്ന രേഖകളെല്ലാം റെയില്‍വേ പാളത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. തെന്മല സ്റ്റേഷന് ഓഫീസര്‍ വിനോദ്, എസ്.ഐ സുബിന് തങ്കച്ചന്, അനൂപ്, അജിത്ത്, ചിന്തു, മനു, അഭിലാഷ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ യുവാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ യുവാക്കള്‍ നാട്ടിലെ താരമാണിപ്പോള്‍.
Content Highlights: youth chases thief handed over to police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..