-
പാവറട്ടി(തൃശ്ശൂർ): പുതുമനശ്ശേരി വെട്ടിക്കൽ സ്കൂളിന് സമീപം ബൈക്കിലെത്തിയവർ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കശ്ശേരി സ്വദേശി തൂമാട്ട് അഭിലാഷ് (35), സുഹൃത്ത് ചിറ്റാട്ടുകര സ്വദേശി തറയിൽ ജിഷ്ണു മോഹൻ (30) എന്നിവരാണ് അറസ്റ്റിലായത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ അടഞ്ഞുകിടക്കുന്ന കാക്കശ്ശേരി പുളിഞ്ചേരി മന പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. മനയുടെ സമീപത്തെ പൊന്തക്കാട്ടിൽനിന്ന് വെട്ടാനുപയോഗിച്ച ആയുധം കണ്ടെത്തി. ഇരുവരെയും സംഭവം നടന്ന വെട്ടിക്കൽ സ്കൂളിന് സമീപത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് പൂവത്തൂർ കാട്ടേരി സ്വദേശി ചക്കാണ്ടൻ വീട്ടിൽ കൊച്ചുണ്ണിയുടെ മകൻ ബൈജു (36)വിന് വെട്ടേറ്റത്. സിമന്റ് തൊഴിലാളിയായ ബൈജുവും സുഹൃത്ത് മരുതയൂർ കാളാനി വടാശ്ശേരി വീട്ടിൽ സുധീറും ബൈക്കിൽ വരുന്നതിനിടെയാണ് സംഭവം.
വെട്ടേറ്റ ബൈജുവും പ്രതിയായ അഭിലാഷും സുഹൃത്തുക്കളായിരുന്നു. അഭിലാഷിന്റെ ഭാര്യയുമായി ബൈജുവിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
തെങ്ങുകയറ്റത്തൊഴിലാളിയായ അഭിലാഷ് തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന ആയുധം (കൊയ്ത്ത)കൊണ്ടാണ് ബൈജുവിനെ വെട്ടിയത്. ജിഷ്ണുവിന്റെ അച്ഛന്റെ പേരിലുള്ള ബൈക്കിലാണ് ഇരുവരും ബൈജുവിനെ പിൻതുടർന്ന് എത്തിയത്. ബൈജുവും സുധീറും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം അഭിലാഷ് ആദ്യം ബൈജുവിന്റെ പുറത്താണ് വെട്ടിയത്. തുടർന്ന് കൈയിലും കാലിലും വെട്ടി. സുധീറിനും പരിക്കേറ്റിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഇരുവരും ആദ്യദിവസം കാക്കശ്ശേരിയിലെ വീടിന്റെ ടെറസിൽ കഴിച്ചുകൂട്ടി. വെട്ടാനുപയോഗിച്ച ആയുധം കഴുകി മനയുടെ സമീപത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചു. പിന്നീട് മനയുടെ പരിസരത്ത് കഴിഞ്ഞുവരുകയായിരുന്നു.
പാവറട്ടി പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ.മാരായ കെ.ആർ. റെമിൻ, പി.ടി. ജോസഫ്, സുരേഷ് കുമാർ, സുനിൽകുമാർ, സി.പി.ഒ.മാരായ ഷിജു, ഷാനി, മേജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അഭിലാഷിന്റെ പേരിൽ അടിപിടിക്കേസുകളും നിലവിലുണ്ട്.
Content Highlights:youth attacked by his friend in pavaratty thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..