ശരത്‌ലാൽ
പെരിന്തല്‍മണ്ണ: വിലകുറഞ്ഞ മദ്യം വാങ്ങി ശീതളപാനീയക്കുപ്പിയിലാക്കി പെഗ് കണക്കില്‍ വില്‍പ്പന നടത്തുന്ന യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു. ബൈക്കില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 23 കുപ്പി മദ്യവുമായി മുതുകുര്‍ശി എളാട് മെലീട്ടില്‍ ശരത്ലാലി(32)നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. പ്രമോദും സംഘവും അറസ്റ്റുചെയ്തത്.
ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന വന്‍തോതില്‍ നടക്കുന്നതായി ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, ഇന്‍സ്പെക്ടര്‍ സജിന്‍ശശി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എളാടുനിന്നും പ്രതിയെ പിടിച്ചത്. ചെര്‍പ്പുളശ്ശേരി, പെരിന്തല്‍മണ്ണ ബിവറേജ് ഷോപ്പുകളില്‍നിന്ന് വാങ്ങുന്ന വിലകുറഞ്ഞ മദ്യം ശീതളപാനീയത്തിന്റെ ചെറിയ കുപ്പികളിലാക്കും. ഒരു പെഗിന് 200 രൂപയ്ക്ക് മുകളില്‍ വാങ്ങിയാണ് വില്‍ക്കുന്നത്.
ദിവസവും കൂലിപ്പണിയെടുത്തുവരുന്ന തൊഴിലാളികളെ ലക്ഷ്യംവെച്ചാണ് വില്‍പ്പനയെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ കുപ്പികളില്‍ ബ്രാന്‍ഡ് ലേബല്‍ ഇല്ലാതെ വിദേശമദ്യമെന്നപേരില്‍ വ്യാജമദ്യവും വില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ മദ്യം കൂടുതല്‍ പരിശോധനക്കായി ലാബിലേക്ക് അയക്കും.
മുതുകുര്‍ശി, കുന്നക്കാവ് അതിര്‍ത്തിപ്രദേശങ്ങളില്‍ ഇത്തരത്തില്‍ മദ്യവില്‍പന നടത്തുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവരെ നിരീക്ഷിച്ചുവരികയാണെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.
എ.എസ്.ഐ. അബ്ദുള്‍ സലീം, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളീധരന്‍, പ്രശാന്ത്, കൃഷ്ണകുമാര്‍, മനോജ്കുമാര്‍, സി.പി.ഒ. മാരായ പ്രഭുല്‍, ഷാലു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..