Photo: NDTV
ന്യൂഡല്‍ഹി: സിങ്ഘു അതിര്‍ത്തിയിലെ കര്‍ഷകസമര വേദിയില്‍ യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയിലെ ചീമാ കുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ള 35-കാരനായ ലഖ്ബീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.
സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തിൽ ഉള്‍പ്പെട്ടവരാണ് ലഖ്ബീറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലഖ്ബീറിനെ തല്ലിക്കൊന്നശേഷം പോലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. വിവരമറിഞ്ഞ് സോണിപത് പോലീസ് സ്ഥലത്തെത്തി.ലഖ്ബീറിന്റെ മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
കഴിഞ്ഞവര്‍ഷവും നിഹാംഗുകാര്‍ ഇത്തരത്തില്‍ ദാരുണമായ ആക്രമണം നടത്തിയിരുന്നു. ലോക്ഡൗണിനിടെ പാസ് ചോദിച്ച പോലീസുകാരന്റെ കൈ വെട്ടിമാറ്റിയാണ് നിഹാംഗ് അംഗങ്ങള്‍ പ്രതികാരം ചെയ്തത്. പട്യാലയിലായിരുന്നു ഈ സംഭവം.
Content Highlights: young man killed in farmers protest site singhu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..