തൃശ്ശൂർ മെഡിക്കൽ കോളേജ്(ഫയൽചിത്രം) അറസ്റ്റിലായ അക്വിൽ(വലത്ത്) ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: ഗവ. മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനെ മയക്കുമരുന്നുമായി പിടികൂടിയത് രോഗികളെയും അധികൃതരെയും ഞെട്ടിച്ചു. രോഗികളോട് ലഹരിമരുന്നുകള്ക്കടിമപ്പെടരുതെന്ന് ഉപദേശിക്കുന്നവര്ത്തന്നെ അതുപയോഗിക്കുന്നു എന്നതാണ് എല്ലാവരെയും ആശങ്കയിലാഴ്ത്തുന്നത്. നിലവില്‍ ഒരാള്‍ മാത്രമേ അറസ്റ്റിലായിട്ടുള്ളൂവെങ്കിലും കൂടുതല്‍ ഡോക്ടര്‍മാര്‍ ലഹരിക്കടിമകളാണെന്നാണ് പോലീസ് പറയുന്നത്.
സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളില്‍ ചിലതില്‍ ലഹരിമരുന്നുപാര്‍ട്ടി നടക്കാറുള്ളതായും സൂചനയുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡി.െജ. പാര്‍ട്ടി നടത്താന്‍ ശ്രമം നടന്നെങ്കിലും പിന്നീട് നടത്തിയില്ലെന്നറിയുന്നു. മെഡിക്കല്‍ കോളേജ് പരിസരത്ത് ലഹരിമരുന്നുകച്ചവടക്കാരും സജീവമാണെന്ന് പോലീസ് പറയുന്നുണ്ട്. ചൊവ്വാഴ്ച ഹൗസ് സര്ജന് അക്വില്‍ മുഹമ്മദ് ഹുസൈന് അറസ്റ്റിലായതിനെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ് പറഞ്ഞു.
ഒരുവര്ഷംമുന്പും അറസ്റ്റ്; തുടരന്വേഷണം ഉണ്ടായില്ല
ഒരുവര്ഷംമുന്പ് മെഡിക്കല്‍ കോളേജ് കാമ്പസില്‍നിന്ന് സിന്തറ്റിക് മയക്കുമരുന്നുമായി നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തുടരന്വേഷണമുണ്ടായില്ല. മെഡിക്കല്‍ കോളേജില്‍നിന്നുള്ള ആവശ്യപ്രകാരമാണ് എം.ഡി.എം.എ. എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഈ വഴിയില്‍ അന്വേഷണം നടന്നില്ല. ഉന്നതതലത്തില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്നാണ് തുടരന്വേഷണം മുടങ്ങിയതെന്ന് ആരോപണമുണ്ട്.
നാലുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങള്‍പോലും അന്ന് പോലീസ് പുറത്തുവിട്ടിരുന്നില്ല. ഈ സംഘംതന്നെയാണ് ചൊവ്വാഴ്ച അറസ്റ്റിലായ ഹൗസ് സര്ജന് ലഹരിയെത്തിക്കുന്നതെന്നാണ് സൂചന. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പത്രസമ്മേളനം നടത്തുമെന്നറിയിച്ചിരുന്നെങ്കിലും നടന്നില്ല.
മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ. പി.പി. ജോയ്, എസ്.ഐ. കെ. രാജന്, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ. സുവ്രതകുമാര്‍, പി.എം. റാഫി, പി. രാകേഷ്, കെ. ഗോപാലകൃഷ്ണന്, സീനിയര്‍ സി.പി.ഒ.മാരായ കെ. രാകേഷ്, ടി.വി. ജീവന്, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റ് നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ഹൗസ് സര്‍ജന്‍സി കഴിയാന്‍ രണ്ടാഴ്ച മാത്രം ബാക്കി, മൂന്ന് ഗ്രാം എംഡിഎംഎ
കഴിഞ്ഞദിവസം പിടിയിലായ ഹൗസ് സര്‍ജനില്‍നിന്ന് പോലീസ് കണ്ടെടുത്തത് മാരകമയക്കുമരുന്നായ എം.ഡി.എം.എയും എല്‍.എസ്.ഡി. സ്റ്റാമ്പുകളും. കോഴിക്കോട് മലബാര്‍ ഹില്‍സ് ജാഫര്‍ഖാന്‍ കോളനിയില്‍ അക്വില്‍ മുഹമ്മദ് ഹുസൈനെ(24)യാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജിനു സമീപം പെരിങ്ങണ്ടൂര്‍ റോഡിലെ സ്വകാര്യ ഹോസ്റ്റലില്‍നിന്ന് ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.ഹൗസ് സര്‍ജന്‍സി കഴിയാന്‍ രണ്ടാഴ്ചമാത്രം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്.
നാല് പ്ലാസ്റ്റിക് കവറുകളിലായി മൂന്ന് ഗ്രാമിനടുത്ത് എം.ഡി.എം.എ., ഒരു എല്‍.എസ്.ഡി. സ്റ്റാമ്പ്, ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികള്‍ എന്നിവ ഇയാളില്‍നിന്ന് പിടികൂടിയിട്ടുണ്ട്. സ്വകാര്യ ഹോസ്റ്റലില്‍ രാത്രി സ്ഥിരമായി ഡോക്ടര്‍മാര്‍ വന്നുപോകുന്നതില്‍ സംശയം തോന്നിയാണ് പരിശോധന നടത്തിയത്.
മെഡിക്കല്‍ കോളേജിലെ പതിനഞ്ചോളം ഡോക്ടര്‍മാര്‍ ഇവിടെ സ്ഥിരമായെത്തി ലഹരിമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്ന് അക്വില്‍ പറഞ്ഞതായി പോലീസ് പറയുന്നു. മൂന്നുവര്‍ഷമായി ഇയാള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമേ ഇടനിലക്കാര്‍ മുഖാന്തരം എത്തുന്ന ലഹരിവസ്തുക്കള്‍ സഹപാഠികള്‍ക്ക് വില്‍ക്കാറുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ലഹരിമരുന്നുപയോഗവും വില്‍പ്പനയും വ്യാപകമാണെന്ന വിവരം പോലീസ് കോളേജ് അധികൃതരെ അറിയിച്ചിരുന്നു. ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. എത്തിച്ചതെന്നാണ് വിവരം. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
Content Highlights: Thrissur Medical college House Surgeon was caught with MDMA drugs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..