പ്രതീകാത്മക ചിത്രം | Getty Images
തൃശ്ശൂര്‍: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന കൊല്ലം സ്വദേശിയായ കൗമാരക്കാരന് പിടിയില്‍. തൃശ്ശൂര്‍ സിറ്റി കമ്മിഷണര്‍ ആര്. ആദിത്യയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
സാമൂഹിക മാധ്യമ സൈറ്റുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും പരിചയപ്പെട്ടശേഷം ഇവരെ വിവിധ സിനിമാതാരങ്ങളുടെ ഫാന്‍സ് ഗ്രൂപ്പുകളിലേക്ക് ക്ഷണിച്ച് അതില്‍ അംഗമാക്കും. തുടര്‍ന്ന് തുടര്‍ച്ചയായി സന്ദേശം കൈമാറും. പരിചയപ്പെടുന്ന പെണ്‍കുട്ടികളോട് സാധാരണ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.
തുടര്‍ന്ന് സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും അയച്ചുതരാന്‍ പ്രേരിപ്പിക്കും. മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകളുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇത് സാധ്യമാക്കുക. ഇത്തരത്തില്‍ ഭീഷണി നേരിട്ട ഒരു പെണ്‍കുട്ടിയാണ് പരാതി കൊടുത്തത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങള്‍ കണ്ടെടുത്തു. ഇരകളായ കൂടുതല്‍പേരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. സമാനരീതിയില്‍ തട്ടിപ്പുനടത്തുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ സൈബര്‍ പോലീസിന്റെ നിരീക്ഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മുന്നറിയിപ്പുമായി പോലീസ്
• ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ള ഫോണുകളും ഉപകരണങ്ങളും സൂക്ഷ്മതയോടെ ഉപയോഗിക്കുന്നതായി ഉറപ്പുവരുത്തണം.
• സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തില്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കുക. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കരുത്.
• ഇന്റര്‍നെറ്റില്‍ എപ്പോഴെങ്കിലും സ്വകാര്യചിത്രങ്ങള്‍ പങ്കുവെക്കപ്പെട്ടാല്‍ അത് തിരിച്ചെടുക്കുന്നതിനോ പൂര്‍ണമായും മായ്ച്ചുകളയുന്നതിനോ സാധ്യമല്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കുക.
• കുട്ടികള്‍ ഇടപെടുന്ന വിഷയങ്ങളിലും ഇടപഴകുന്ന ആളുകളുമായും രക്ഷിതാക്കള്‍ക്കും അറിവുണ്ടായിരിക്കണം.
• നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുക. കുറ്റവാളികള്‍ക്ക് അവരെ വിട്ടുനല്‍കരുത്.
• സൈബര്‍ സംബന്ധമായ പരാതികള്‍ ഉടന്‍ പോലീസിനെ അറിയിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..