പ്രതീകാത്മക ചിത്രം | Getty Images
തൃശ്ശൂർ: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുന്ന കൊല്ലം സ്വദേശിയായ കൗമാരക്കാരൻ പിടിയിൽ.
തൃശ്ശൂർ സിറ്റി കമ്മിഷണർ ആർ. ആദിത്യയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
സാമൂഹിക മാധ്യമ സൈറ്റുകൾ ഉപയോഗിക്കുന്ന പെൺകുട്ടികളെയും സ്ത്രീകളെയും പരിചയപ്പെട്ടശേഷം ഇവരെ വിവിധ സിനിമാതാരങ്ങളുടെ ഫാൻസ് ഗ്രൂപ്പുകളിലേക്ക് ക്ഷണിച്ച് അതിൽ അംഗമാക്കും.
തുടർന്ന് തുടർച്ചയായി സന്ദേശം കൈമാറും. പരിചയപ്പെടുന്ന പെൺകുട്ടികളോട് സാധാരണ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെടും.
തുടർന്ന് സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും അയച്ചുതരാൻ പ്രേരിപ്പിക്കും. മോർഫ് ചെയ്ത നഗ്നഫോട്ടോകളുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇത് സാധ്യമാക്കുക.
ഇത്തരത്തിൽ ഭീഷണി നേരിട്ട ഒരു പെൺകുട്ടിയാണ് പരാതി കൊടുത്തത്.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ കണ്ടെടുത്തു. ഇരകളായ കൂടുതൽപേരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
സമാനരീതിയിൽ തട്ടിപ്പുനടത്തുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിന് ഓൺലൈൻ ഗ്രൂപ്പുകളിൽ സൈബർ പോലീസിന്റെ നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മുന്നറിയിപ്പുമായി പോലീസ്
• ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് നൽകിയിട്ടുള്ള ഫോണുകളും ഉപകരണങ്ങളും സൂക്ഷ്മതയോടെ ഉപയോഗിക്കുന്നതായി ഉറപ്പുവരുത്തണം.
• സോഷ്യൽ മീഡിയകളുടെ ഉപയോഗത്തിൽ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കുക. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കരുത്.
• ഇന്റർനെറ്റിൽ എപ്പോഴെങ്കിലും സ്വകാര്യചിത്രങ്ങൾ പങ്കുവെക്കപ്പെട്ടാൽ അത് തിരിച്ചെടുക്കുന്നതിനോ പൂർണമായും മായ്ച്ചുകളയുന്നതിനോ സാധ്യമല്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കുക.
• കുട്ടികൾ ഇടപെടുന്ന വിഷയങ്ങളിലും ഇടപഴകുന്ന ആളുകളുമായും രക്ഷിതാക്കൾക്കും അറിവുണ്ടായിരിക്കണം.
• നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുക. കുറ്റവാളികൾക്ക് അവരെ വിട്ടുനൽകരുത്.
• സൈബർ സംബന്ധമായ പരാതികൾ ഉടൻ പോലീസിനെ അറിയിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..