-
മുംബൈ: നവജാത ശിശുവിനെ അപ്പാർട്ട്മെന്റിലെ ആറാം നിലയിൽനിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്കെതിരേ കേസെടുത്തു. മുംബൈ പാന്ത് നഗർ ഗൗരീശങ്കർ വാഡിയിൽ താമസിക്കുന്ന 25 വയസ്സുകാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ ആരോഗ്യനില മോശമായതിനാൽ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രസവത്തിന് ശേഷം താൻ തന്നെയാണ് കുഞ്ഞിനെ ഫ്ളാറ്റിൽനിന്ന് താഴേക്ക് എറിഞ്ഞതെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അവിവാഹിതയായ യുവതി ഗർഭിണിയായ വിവരം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. തുടർന്ന് ഫ്ളാറ്റിനുള്ളിൽ പെൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം അല്പനേരത്തേക്ക് യുവതി അബോധാവസ്ഥയിലായി. ബോധം തെളിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.
പിറ്റേദിവസം അപ്പാർട്ട്മെന്റിൽ എത്തിയ പാൽ വിതരണക്കാരനാണ് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇയാൾ മറ്റു താമസക്കാരെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു. എന്നാൽ ഫ്ളാറ്റിൽ ഗർഭിണിയായ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതിൽ മറ്റു താമസക്കാർക്കും കൃത്യമായ അറിവുണ്ടായിരുന്നില്ല. ഇതോടെ പോലീസ് സംഘം താമസക്കാരെ മുഴുവൻ നിരീക്ഷിച്ചുവരികയായിരുന്നു.
ഇതിനിടെയാണ് അവശയായ നിലയിൽ 25-കാരി ഫ്ളാറ്റിൽനിന്നു പുറത്തേക്കിറങ്ങിയത്. എന്തു പറ്റിയെന്ന് തിരക്കിയ വനിതാ പോലീസിനോട് സുഖമില്ലെന്നും ആശുപത്രിയിൽ പോകണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് വനിതാ പോലീസ് തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യുവതിയുടെ പ്രസവം കഴിഞ്ഞെന്നും അതിനെത്തുടർന്നാണ് ആരോഗ്യനില മോശമായതെന്നും ഡോക്ടർമാർ പറഞ്ഞത്. പോലീസ് ചോദ്യംചെയ്തപ്പോൾ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.
തലയ്ക്കേറ്റ മാരകമായ പരിക്കാണ് നവജാത ശിശുവിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ജനനസമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു.
Content Highlights:woman throws new born baby from sixth floor of flat police booked case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..