പ്രതീകാത്മക ചിത്രം | മാതൃഭൂമി
മൈസൂരു: ആഗ്രഹം സഫലമാകാന്‍ ക്ഷേത്രത്തില്‍ കാണിക്കയിടുന്നത് വിശ്വാസികളുടെ പതിവാണ്. ഇതിനായി സാധാരണ പണമാണ് സമര്‍പ്പിക്കുക. എന്നാല്‍, രക്തം കൊണ്ടെഴുതിയ കത്ത് കാണിക്കയായി സമര്‍പ്പിച്ചിരിക്കുകയാണ് ഹാസനിലെ ഒരു പെണ്‍കുട്ടി. കാമുകനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ വിചിത്ര നടപടി.
വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനുമാത്രം തുറക്കുന്ന ഹാസനിലെ ഹാസനാംബ ക്ഷേത്രത്തിലാണ് സംഭവം. ഉത്സവത്തിനുശേഷം അടച്ച ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍നിന്നാണ് രക്തത്തില്‍ എഴുതിയ ഒരുപേജുള്ള കത്ത് ലഭിച്ചത്. താന്‍ സ്നേഹിക്കുന്ന യുവാവിനെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സഫലമാക്കാന്‍ ആരാധനാമൂര്‍ത്തിയോട് സഹായമഭ്യര്‍ഥിച്ചു കൊണ്ടുള്ളതാണ് കത്ത്. തനിക്കുവേണ്ടി വരനെ കണ്ടെത്താനുള്ള തന്റെ മാതാപിതാക്കളുടെ ശ്രമം തടയണമെന്നും പെണ്‍കുട്ടി കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കാണിക്കയുടെ കണക്കെടുക്കാനായി തിങ്കളാഴ്ച ഭണ്ഡാരം തുറന്നപ്പോഴാണ് കത്ത് കണ്ടെത്തിയത്. കന്നഡയിലാണ് കത്ത് എഴുതിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഉദ്ദിഷ്ടകാര്യം സഫലമാകാനായി മറ്റ് ഏതാനും വിശ്വാസികളും ഭണ്ഡാരത്തില് കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ഹാസന് നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചാണ് ഇതിലൊരു കത്ത്.
വിദ്യാഭ്യാസം, ആരോഗ്യം, സ്വത്ത് എന്നിവ സംബന്ധിച്ചുള്ള കത്തുകളും ഇക്കൂട്ടത്തിലുണ്ട്.വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്നതിനാല്‍ ആയിരക്കണക്കിനു വിശ്വാസികളാണ് ക്ഷേത്രത്തിലെത്തുക. ഇത്തവണ ക്ഷേത്രത്തിലെ 12 ഭണ്ഡാരങ്ങളില്‍നിന്ന് 83.89 ലക്ഷം രൂപയാണ് കാണിക്കയായി ലഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..