പരിക്കേറ്റ രശ്മിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ
തെന്മല : ചെങ്കോട്ട-കൊല്ലം പാസഞ്ചര്‍ തീവണ്ടിയില്‍ യാത്രചെയ്ത ഭിന്നശേഷിക്കാരിയായ സ്റ്റേഷന് മാസ്റ്ററെ പട്ടാപ്പകല്‍ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. തമിഴ്നാട് പാമ്പുകോവില് സ്റ്റേഷന് മാസ്റ്ററായ എറണാകുളം സ്വദേശി രശ്മി(28)ക്കുനേരേയാണ് ആക്രമണമുണ്ടായത്. മോഷണം തടയാന്‍ ശ്രമിച്ച ഇവര്‍ക്ക് വീണുപരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ന് തീവണ്ടി തെന്മലയ്ക്കുസമീപമെത്തിയപ്പോഴാണ് സംഭവം. മറ്റുയാത്രക്കാരുള്ള കോച്ചിലായിരുന്നു രശ്മി യാത്രചെയ്തത്. തീവണ്ടി തെന്മലയില് നിര്‍ത്തിയപ്പോള്‍, കൂടെയുണ്ടായിരുന്ന യാത്രക്കാരെല്ലാം ഇറങ്ങി. ഈസമയം തീവണ്ടിയുടെ പിന്നിലത്തെ ബോഗിയില്‍ കയറാനായി യുവാവ് ഓടുന്നതു കണ്ടു. ട്രെയിനില്‍ കയറിയ ഇയാള്‍ കുറച്ചുകഴിഞ്ഞ് മുന്നിലേക്ക് നടന്നുവന്നു. തെന്മല കഴിഞ്ഞുള്ള തുരങ്കമെത്തിയപ്പോള് തീവണ്ടിയുടെ വാതിലടയ്ക്കുകയും കത്തികാട്ടി ചാടിവീഴുകയുമായിരുന്നെന്ന് രശ്മി പോലീസിനോട് പറഞ്ഞു. ഭയന്ന ഇവര്‍ ഇയാളെ തള്ളിമാറ്റി ഓടി. പിന്നാലെ ഓടിയ യുവാവ് സ്വര്‍ണവും പണവുമടങ്ങിയ പേഴ്സ് കൈക്കലാക്കി.
യുവതി ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വീഴ്ചയില്‍ കൈക്ക് പരിക്കേറ്റതിനാല്‍ കഴിഞ്ഞില്ല. അല്പസമയത്തിനുശേഷം ഇയാള്‍ തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു. പേഴ്സില്‍ താലിമാലയും മൂന്നുമോതിരവുമുണ്ടായിരുന്നു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ടീമിനെ അറിയിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ രശ്മിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മോഷ്ടാവിനായി തെന്മല, ഇടമണ്‍ ഭാഗങ്ങളില്‍ റെയില്‍വേ പോലീസും തെന്മല പോലീസും സംയുക്തപരിശോധന നടത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..