പോലീസ് കസ്റ്റഡിയിലെടുത്ത രജനിയും പ്രബീഷും | Screengrab: Mathrubhumi News
ആലപ്പുഴ: കുട്ടനാട് പള്ളാത്തുരുത്തിക്ക് സമീപം യുവതിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അനിത(32)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ അനിതയുടെ കാമുകന്‍ നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി രജനി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
ശനിയാഴ്ച രാത്രിയാണ് പള്ളാത്തുരുത്തിക്ക് സമീപം കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൃതദേഹം അനിതയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന അനിത ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ കേസില്‍ വഴിത്തിരിവാവുകയായിരുന്നു.
ആറു മാസം ഗര്‍ഭിണിയായിരുന്ന അനിതയുടെ കഴുത്തില്‍ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും തൈറോയിഡ് ഗ്രന്ഥിക്ക് പരിക്കുണ്ടെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ അനിതയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ വിവരങ്ങളില്‍നിന്നാണ് അന്വേഷണം പ്രബീഷിലേക്കെത്തിയത്.
അനിത അവസാനം മൊബൈലില്‍ സംസാരിച്ചത് ഇയാളോടാണെന്നും പ്രബീഷ് കൈനകരി ഭാഗത്തുണ്ടെന്നും പോലീസ് മനസിലാക്കി. ഇയാളുടെ ഫോണ്‍ നമ്പര്‍ നിരീക്ഷണത്തിലുമാക്കി. ഇതിനിടെ പ്രതി ഓണ്‍ലൈനില്‍ ചില ഓര്‍ഡറുകള്‍ ചെയ്തതോടെ കൃത്യമായ താമസസ്ഥലവും പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി പ്രബീഷിനെയും കാമുകി രജനിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് പ്രബീഷിനൊപ്പം താമസം ആരംഭിച്ച അനിതയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് രണ്ടു പേരും ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. ജൂണ്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയത്. ലൈംഗികബന്ധത്തിനിടെ പ്രബീഷ് യുവതിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഇതോടെ അനിത ബോധരഹിതയായി. മരിച്ചെന്ന് കരുതി പ്രബീഷും രജനിയും ചേര്‍ന്ന് പിന്നീട് യുവതിയെ കായലില്‍ തള്ളി. എന്നാല്‍, കായലില്‍ വീണതിന് ശേഷമാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലപ്പെട്ട അനിത പ്രബീഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് ഏറെ നാളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഈ ബന്ധത്തില്‍ അനിതയ്ക്ക് രണ്ട് മക്കളുമുണ്ട്. ഇതിനിടെയാണ് അനിത പ്രബീഷിനൊപ്പം താമസം ആരംഭിച്ചത്. തന്റെ ജീവിതത്തില്‍ അനിത തടസമായതോടെ മറ്റൊരു കാമുകിയായ രജനിയുടെ സഹായത്തോടെ പ്രബീഷ് അനിതയെ ഇല്ലാതാക്കുകയായിരുന്നു.
Content Highlights: woman killed by her lover and another woman in alappuzha
Watch Video

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..