പ്രതി അഖിൽ, കൊല്ലപ്പെട്ട ആതിര
തൃശ്ശൂര്‍: അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊലപ്പെടുത്തിയത് അതിദാരുണമായി. അങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിര(26)യെയാണ് തുമ്പൂര്‍മുഴി വനത്തില്‍ കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ ആതിരയുടെ സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമിച്ച് ജോലിചെയ്തിരുന്ന ആതിരയും അഖിലും സൗഹൃദത്തിലായിരുന്നുവെന്നും ആതിരയില്‍നിന്ന് അഖില്‍ നേരത്തെ വാങ്ങിയ സ്വര്‍ണാഭരണങ്ങളും പണവും തിരികെചോദിച്ചതാണ് ദാരുണ കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം.
ഏപ്രില്‍ 29-ാം തീയതിയാണ് ആതിരയെ കാണാതായത്. രാവിലെ വീട്ടില്‍നിന്ന് ജോലിചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവിലെ ഭര്‍ത്താവ് സനല്‍ തന്നെയാണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടില്‍ തിരിച്ചെത്താതായതോടെ ഭര്‍ത്താവും കുടുംബവും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കാലടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആതിരയും അഖിലും തമ്മിലുള്ള സൗഹൃദം കണ്ടെത്തിയത്.
ആതിരയുടെ മൊബൈല്‍ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് അന്വേഷണം അഖിലിലേക്ക് എത്തിയത്. ഞായറാഴ്ച അഖിലിനെ പോലീസ് ചോദ്യംചെയ്‌തെങ്കിലും ശനിയാഴ്ച ആതിരയെ കണ്ടിട്ടില്ലെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി. അന്നേദിവസം ഇയാളെ വിട്ടയച്ചെങ്കിലും പോലീസ് അഖിലിനെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെ ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. തുടര്‍ന്ന് വീണ്ടും ചോദ്യംചെയ്തതോടെ ആതിരയെ കൊലപ്പെടുത്തി വനത്തില്‍ തള്ളിയതാണെന്ന് അഖില്‍ വെളിപ്പെടുത്തുകയായിരുന്നു.
ആതിര പോയത് പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്ക്, കാറില്‍ അതിരപ്പിള്ളിയിലേക്ക്...
അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന ആതിരയും അഖിലും തമ്മില്‍ ആറുമാസത്തിലേറെയായി സൗഹൃദത്തിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇതിനിടെ അഖില്‍ പണയംവെയ്ക്കാനായി ആതിരയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. അടുത്തിടെ ആതിര ഇതെല്ലാം തിരികെ ചോദിച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരം
ഏപ്രില്‍ 29-ന് രാവിലെ ഭര്‍ത്താവ് കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടെങ്കിലും ഇവിടെനിന്ന് ആതിര പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്കാണ് പോയത്. വാടകയ്‌ക്കെടുത്ത കാറുമായി അഖില്‍ ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും കാറില്‍ കയറി അതിരപ്പിള്ളിയിലേക്ക് വന്നു. തുമ്പൂര്‍മുഴി വനത്തിന് സമീപം പ്രധാനറോഡില്‍ വാഹനം നിര്‍ത്തി ഇരുവരും പിന്നീട് വനത്തിനുള്ളിലേക്ക് പോയി. ഇവിടെ ഒരുപാറക്കെട്ടിന് സമീപം അല്പനേരം ഒരുമിച്ചിരുന്നു. തുടര്‍ന്നാണ് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാനായി നിലത്തുവീണു കിടന്ന ആതിരയുടെ കഴുത്തില്‍ പലതവണ ചവിട്ടുകയും ചെയ്‌തെന്നാണ് പ്രതിയുടെ മൊഴി. ശേഷം മൃതദേഹം കരിയിലകള്‍കൊണ്ട് മൂടിയിടുകയായിരുന്നു.
Also Read
പ്രധാനറോഡില്‍നിന്ന് 800 മീറ്ററോളം മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. പാറകള്‍ക്കിടയില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്നരീതിയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. ആതിരയെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ബലപ്രയോഗമൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രാഥമികനിഗമനം. വാഹനം നിര്‍ത്തിയശേഷം ഇരുവരും ഒരുമിച്ചാണ് വനത്തിലേക്ക് നടന്നുപോയതെന്നും പോലീസ് കരുതുന്നു.
മൊബൈല്‍ഫോണ്‍ കൊണ്ടുപോയില്ല, നിര്‍ണായകമായി സിസിടിവി ദൃശ്യം...
സംഭവദിവസം ജോലിക്ക് പോകാനായി വീട്ടില്‍നിന്നിറങ്ങിയ ആതിര മൊബൈല്‍ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വൈകിട്ട് ഏറെസമയം കഴിഞ്ഞിട്ടും ആതിര തിരികെ എത്താതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ഫോണ്‍ വീട്ടില്‍ തന്നെയുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് ഈ ഫോണിലെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചതോടെയാണ് അഖിലുമായുള്ള സൗഹൃദം കണ്ടെത്തിയത്. പക്ഷേ, ആദ്യഘട്ടത്തില്‍ പോലീസിന്റെ ചോദ്യങ്ങളില്‍നിന്ന് പ്രതി ഒഴിഞ്ഞുമാറി. പക്ഷേ, പെരുമ്പാവൂര്‍ വല്ലംഭാഗത്തുനിന്ന് ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. ഈ ദൃശ്യങ്ങള്‍ കാണിച്ചതോടെയാണ് പ്രതി എല്ലാം തുറന്നുപറഞ്ഞത്. സംഭവദിവസം പ്രതിയും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.
അഖില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം...
യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ കേസിലെ പ്രതിയായ അഖില്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. 'അഖിയേട്ടന്‍' എന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി റീല്‍സ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരത്തിലേറെ ഫോളോവേഴ്‌സുമുണ്ട്. ഇടുക്കി സ്വദേശിയായ അഖില്‍, ഭാര്യയ്‌ക്കൊപ്പം അങ്കമാലിയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്നാണ് വിവരം.
ഭര്‍ത്താവും രണ്ടുകുട്ടികളുമുള്ള ആതിര കുടുംബശ്രീ ഉള്‍പ്പെടെയുള്ള നാട്ടിലെ കൂട്ടായ്മകളിലെല്ലാം സജീവമായിരുന്നു. ആതിരയും അഖിലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. ശനിയാഴ്ച മുതല്‍ ആതിരയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ ഇവരെല്ലാം ആശങ്കയിലായിരുന്നു. ഇതിനിടെയാണ് ആതിര കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാര്‍ത്തയറിഞ്ഞത്.
Content Highlights: woman killed by her friend in athirappilly thumburmuzhi forest accused akhil is a reels star
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..