പ്രതീകാത്മക ചിത്രം | Getty Images
മുംബൈ: അമ്മയുടെ മൃതദേഹത്തിനൊപ്പം 53-കാരി കഴിഞ്ഞത് ഒൻപതുമാസം. കഴിഞ്ഞദിവസം വീട്ടിൽനിന്ന് 83-കാരിയായ വൃദ്ധയുടെ ഒമ്പതുമാസം പഴക്കമുള്ള മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. അമ്മ മരിച്ച വിവരം 53-കാരി ആരോടും പറഞ്ഞിരുന്നില്ല. ബാന്ദ്ര വെസ്റ്റിലെ ചുയിം വില്ലേജിലാണ് സംഭവം.
അഹമ്മദ് ബേക്കറിക്കു സമീപമുള്ള വീട്ടിലെ താഴത്തെനിലയിലാണ് ഇവർ താമസിച്ചിരുന്നത്. 53-കാരി വീടിന്റെ ജനലിലൂടെ മാലിന്യം വലിച്ചെറിയുന്നുവെന്ന അയൽവാസിയുടെ പരാതിയെത്തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് വൃദ്ധയുടെ മരണവിവരം പുറത്തറിയുന്നത്.
53-കാരി അമ്മയുടെ മൃതദേഹത്തിനൊപ്പം ഒറ്റയ്ക്കായിരുന്നു താമസം. കോവിഡിനെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെയാണ് വൃദ്ധ മരിച്ചതെന്ന് പോലീസ് പറയുന്നു. മാർച്ചിലായിരിക്കാം മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്.
വീട്ടിലെ ഒരു മുറിയിലായിരുന്നു അമ്മയുടെ മൃതദേഹം കിടന്നിരുന്നത്. ഇവർക്ക് ബന്ധുക്കളില്ല. അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നില്ല. 53-കാരിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.
മാനസികാസ്വാസ്ഥ്യമുള്ളതിനാലാണ് അമ്മയുടെ മരണവിവരം പുറത്തുപറയാതിരുന്നതെന്നാണ് കരുതുന്നത്. കുറച്ചുവർഷങ്ങൾക്കുമുമ്പ് ഇവരുടെ വളർത്തുനായ ചത്തപ്പോഴും ആരോടും പറഞ്ഞിരുന്നില്ല.
വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. മകളെ ആരോഗ്യപരിശോധനയ്ക്ക് വിധേയയാക്കി.
അമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മകൾ കൃത്യമായ മറുപടി നൽകുന്നില്ലെന്നും പോലീസ് പറയുന്നു.
Content Highlights:woman keeps her mothers dead body at home for nine months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..