ഞായറാഴ്ച രാത്രി ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കാട്ടൂർക്കടവിൽ പോലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട ലക്ഷ്മി
കാട്ടൂർ(തൃശ്ശൂർ): കരാഞ്ചിറ കാട്ടൂർക്കടവിൽ വീട്ടമ്മയെ റോഡിൽ വെട്ടിക്കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. കാട്ടൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുൾപ്പെട്ട കാട്ടൂർക്കടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഞായറാഴ്ച ഒമ്പതരയോടെ വീട്ടിലെത്തിയ ഗുണ്ടാസംഘം പന്നിപ്പടക്കം എറിഞ്ഞശേഷം, വീടിന് വെളിയിൽ നിന്നിരുന്ന ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹരീഷുമായുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഗുണ്ടാസംഘങ്ങളുടെ കുടിപ്പക
കാട്ടൂർ:കഴിഞ്ഞദിവസം കോളനിയിലുണ്ടായ സംഭവങ്ങളുടെ തുടർച്ചയായാണ് ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊന്നത്. കാട്ടൂർ സ്വദേശി ദർശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവിനെതിരേ പ്രദേശത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തിയ മൂന്നംഗസംഘം ലക്ഷ്മിക്കുനേരെ പടക്കമെറിഞ്ഞു.
പേടിച്ചോടിയ ഇവരുടെ പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ഭർത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. എസ്.പി. പൂങ്കുഴലി സംഭവസ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights:woman hacked to death in thrissur kattoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..