അറസ്റ്റിലായ മോഹൻ, സുഹൃത്തുക്കാളായ രവികുമാർ, കൃഷ്ണകുമാർ എന്നിവർ
ചെറുതുരുത്തി: ചെറുതുരുത്തിയിൽ സ്ത്രീ വെട്ടേറ്റുമരിച്ച സംഭവത്തിൽ ഭർത്താവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. വ്യാഴാഴ്‌ച അർധരാത്രിയോടെ ഇവർ ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വെട്ടേറ്റുമരിച്ച മണ്ണേക്കാട്ടിൽ എം.എസ്. ചിത്ര(48)യുടെ, ഭർത്താവ് പാലക്കാട് വെള്ളിനേഴി കുളക്കാട് അമൃതയിൽ മോഹൻ (52), സുഹൃത്തുക്കളായ വെള്ളിനേഴി തിരുനാരായണപുരം പള്ളിയിൽത്തൊടി വീട്ടിൽ രവികുമാർ (40), കുളക്കാട് ലക്ഷംവീട്ടിൽ കൃഷ്ണകുമാർ (37) എന്നിവരാണ് കീഴടങ്ങിയത്.
ഉന്നത പോലീസ് സംഘം ഇവരെ ചോദ്യംചെയ്തു. ചിത്രയെ വെട്ടിയ ഭർത്താവ് മോഹനന്റെ പേരിലാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും കൊലപാതകവിവരം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിനുമാണ് മറ്റുള്ളവരുടെ പേരിൽ കേസെടുത്തിരിക്കുന്നത്.
പ്രതികളെ വെള്ളിയാഴ്‌ച ഉച്ചയോടെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബുധനാഴ്ച രാത്രി വീട്ടിലെത്തി കോളിങ് ബെൽ അടിച്ച മോഹനെ കണ്ട് ചിത്ര വാതിൽ തുറന്നില്ല. തുടർന്ന് മോഹൻ ഒച്ചവെച്ചപ്പോഴാണ് വാതിൽ തുറന്നത്. ജോലിസ്ഥലത്തും മറ്റും കാണാനെത്തി ബുദ്ധിമുട്ടിക്കരുതെന്ന കോടതി നിബന്ധന ഉള്ളതിനാൽ കുടുംബപരമായ ഒരു സർട്ടിഫിക്കറ്റിൽ ഒപ്പിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് മോഹൻ എത്തിയത്.
പലവട്ടം ആവശ്യപ്പെട്ടിട്ടും ചിത്ര ഒപ്പിട്ടു നൽകാൻ തയ്യാറാകാതിരുന്നത് മോഹനെ പ്രകോപിതനാക്കി. തുടർന്ന് കൈയിൽ പൊതിഞ്ഞുസൂക്ഷിച്ച കത്തിപോലുള്ള ആയുധം ഉപയോഗിച്ച് ചിത്രയെ പത്തോളം പ്രാവശ്യം വെട്ടുകയും കുത്തുകയും ചെയ്തു. പിന്നീട് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇവർ പിന്നീട് കോയമ്പത്തൂർ, പഴനി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ബന്ധുക്കളുടെ സമ്മർദത്തെത്തുടർന്നാണ് ഇവർ കീഴടങ്ങാൻ തീരുമാനിച്ചത്. സഞ്ചരിച്ചിരുന്ന കാർ പാലക്കാട്ട് ഉപേക്ഷിച്ചാണ് ഇവർ പോലീസ് സ്റ്റേഷനിലെത്തിയത്.
നാലുവർഷമായി ചിത്രയും മോഹനും പിരിഞ്ഞാണ് താമസം. ഒറ്റപ്പാലം കുടുംബകോടതിയിൽ വിവാഹമോചനക്കേസ് നടക്കുന്നുണ്ട്. രണ്ട് മക്കളും മോഹനൊപ്പമാണ് കഴിഞ്ഞിരുന്നത്. കോടതിയിലെ അവസാന സിറ്റിങ് ആറാംതീയതി വെച്ചിരിക്കുന്നതിനിടയിലാണ് സംഭവം.
പ്രതികളെ വെള്ളിയാഴ്‌ച രാത്രി കോടതിയിൽ ഹാജരാക്കി. ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണച്ചുമതലയുള്ള കുന്നംകുളം എ.സി.പി. സിനോജ് പറഞ്ഞു.
Content Highlights: woman hacked to death by husband over refuse to sign in Certificate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..