സംഭവം പോലീസിനോട് വിവരിക്കുന്ന ചിത്രയുടെ അമ്മ ലക്ഷ്മിക്കുട്ടിഅമ്മ
ചെറുതുരുത്തി: പുതുവത്സരത്തിൽ നാടിനു വേദനിക്കുന്ന ഓർമയായി ചിത്ര. രാത്രി തന്നെ മരണം സ്ഥിരീകരിച്ചെങ്കിലും വീട്ടിൽ ഒപ്പമുണ്ടായിരുന്ന അമ്മ ലക്ഷ്‌മിക്കുട്ടി അമ്മയോട് വിവരം പറഞ്ഞില്ല. രാവിലെ അന്വേഷണ സംഘം എത്തിയപ്പോൾ രാത്രി സംഭവിച്ചതെല്ലാം ലക്ഷ്‌മിക്കുട്ടി അമ്മ കരഞ്ഞു പറഞ്ഞു. പുറത്ത് ചിത്ര വെട്ടേറ്റു കിടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടന്നിരുന്നു. വാതിലിനു സമീപവും നിറയെ രക്തത്തുള്ളികൾ ഉണ്ടായിരുന്നു.
ഇവിടെ നിന്ന് ആയുധം പൊതിഞ്ഞതെന്നു കരുതുന്ന പഞ്ഞിയുള്ള ഒരു കടലാസുപൊതിയും പോലീസ് കണ്ടെത്തി. ചിത്രയുടെ അച്ഛൻ പരേതനായ ശിവശങ്കരൻ പോസ്റ്റ് മാസ്റ്റർ എന്ന നിലയിൽ നാട്ടിൽ സുപരിചിതനായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം എത്തിച്ചപ്പോൾ വൈകീട്ട് അഞ്ചരയായി. ചടങ്ങുകൾ പൂർത്തിയാക്കി നാട് ചിത്രയ്ക്ക് യാത്രാമൊഴി നൽകി.
യാത്രയയപ്പിനായി കാത്തിരുന്നു, വേര്‍പിരിയുമെന്നറിയാതെ...
പാലക്കാട്: പുല്‍ക്കൂടൊരുക്കിയും കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷിക്കുമ്പോഴും മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ജീവനക്കാരും വിഷമത്തിലായിരുന്നു. അവരുടെ പ്രിയപ്പെട്ട സൂപ്രണ്ട് എം.എസ്. ചിത്ര സ്ഥലം മാറിപ്പോകുന്നതിന്റെ ദുഃഖം. ക്രിസ്മസ് ആഘോഷത്തിനു ശേഷം ചെറുതുരുത്തിയിലെ അമ്മയുടെ വീട്ടില്‍ രണ്ടുദിവസം താമസിക്കാന്‍ പോകുമ്പോള്‍ തിരിച്ചെത്തിയതിനു ശേഷം പുതുവത്സരം ഗംഭീരമായി ആഘോഷിക്കാമെന്നും ഇവര്‍ കുട്ടികള്‍ക്ക് വാക്കുനല്‍കിയിരുന്നു.
അമ്മയെപ്പോലെ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ സ്‌നേഹിച്ചിരുന്ന സൂപ്രണ്ടിന്റെ സ്ഥലംമാറ്റം പോലും ഉള്‍ക്കൊള്ളാനാവാത്ത കുട്ടികള്‍ ഐന്നന്നേക്കുമായി അവര്‍ തങ്ങളെ വിട്ടുപിരിഞ്ഞെന്ന വാര്‍ത്ത കണ്ണീരോടെയാണ് കേട്ടത്.
ചെറുതുരുത്തി സ്വദേശിയായ ചിത്രയെ (48) ഭര്‍ത്താവ് മോഹനും സംഘവും ബുധനാഴ്ച രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഏറെക്കാലമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. രാത്രി വീട്ടിലെത്തിയ മോഹനും കൂട്ടരും കോളിങ്‌ബെല്‍ അടിച്ചശേഷം വാതില്‍തുറന്ന ചിത്രയെ ആക്രമിക്കയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ ഇവരെ സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ശിവശങ്കരന്റെ മകളാണ് ചിത്ര.
രണ്ടാഴ്ചമുമ്പ് ചിത്രയ്ക്ക് ആലപ്പുഴയിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നു. ചില ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് തുടരുകയായിരുന്നു. ആറാംതീയതി മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ജീവനക്കാരും ചിത്രയ്ക്ക് യാത്രയയപ്പും ഒരുക്കിയിരുന്നു. ഇതിനൊന്നും അനുവദിക്കാതെ വിധി അവരെ തട്ടിയെടുത്തു.
2014-പകുതിമുതല്‍ 2018വരെ മുട്ടിക്കുളങ്ങര മഹിളാമന്ദിരത്തിന്റെയും ചില്‍ഡ്രന്‍സ് ഹോമിന്റെയും സൂപ്രണ്ടായിരുന്നു. പിന്നീട് ഒരുവര്‍ഷത്തോളം ചില്‍ഡ്രന്‍സ് ഹോമിന്റെ മേധാവിയും.
മഹിളാമന്ദിരത്തിലെയും ചില്‍ഡ്രന്‍സ് ഹോമിലെയും അന്തേവാസികളെയും ജീവനക്കാരെയുമെല്ലാം കുടുംബാംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതെന്ന് പറഞ്ഞപ്പോഴേക്കും മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സലര്‍ എ. മധുവിന്റെ ശബ്ദമിടറി.
Content Highlights: woman hacked to death by husband in Thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..