
-
തൃശ്ശൂർ: പുതുക്കാട് പാഴായിയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ ബന്ധുവായ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ഒല്ലൂർ പി.ആർ.പടി വാലിപറമ്പൻ വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ ഷൈലജ (ഷൈല-50) യെയാണ് തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
2016 ഒക്ടോബർ 13-നാണ് സംഭവം നടന്നത്. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും പുതുക്കാട് പാഴായിയിലെ നീഷ്മയുടെയും മകൾ മേബയെയാണ് പുഴയിലെറിഞ്ഞ് കൊന്നത്. നീഷ്മയുടെ അച്ഛന്റെ സഹോദരിയാണ് ഷൈലജ. നീഷ്മയുടെ വീട്ടുകാരോടുള്ള വൈരാഗ്യം തീർക്കാനായി മേബയെ പാഴായിയിൽ വീടിനടുത്തുള്ള മണലിപ്പുഴയിലേക്ക് എടുത്തെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയെ അന്വേഷിച്ച് ചെന്ന കുട്ടിയുടെ ബന്ധുക്കളോട് മേബയെ ബംഗാളികൾ കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കുട്ടിയുടെ മരണം ഉറപ്പാക്കുകയും ചെയ്തു.
കേസിൽ 25 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും 10 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. പ്രധാന സാക്ഷികളായ മേബയുടെ മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് വിസ്താരവും എതിർവിസ്താരവും പൂർത്തിയാക്കിയത്. കേസിൽ അന്വേഷണം നടത്തിയത് പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന എസ്.പി. സുധീരൻ, സി.ജെ. മാർട്ടിൻ എന്നിവരായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
Content Highlights: woman gets lifetime imprisonment for killing child, throwing in to river, thrissur, Puthukkad Murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..