സുജ
നെയ്യാറ്റിൻകര: കരകുളം സ്വദേശിനിയായ വീട്ടമ്മയെ പിരായുംമൂടിനുസമീപം നെയ്യാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരകുളം കാവടിതലയ്ക്കൽ കാട്ടുവിളാകത്ത് വീട്ടിൽ വരദരാജന്റെ ഭാര്യ സുജ(37)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജയുടെ സുഹൃത്ത് ആറാലുംമൂട് തിനനിന്നവിള വീട്ടിൽ ഉണ്ണികൃഷ്ണൻ(47) പോലീസ് കസ്റ്റഡിയിലാണ്. സുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഡിവൈ.എസ്.പി.ക്ക് പരാതി നൽകി.
ഉണ്ണികൃഷ്ണനും സുജയും രണ്ടുദിവസമായി പിരായുംമൂട്ടിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ ഇരുവരും കുളിക്കാനായി നെയ്യാറിലെത്തി. അവിടെവെച്ച് സുജ മുങ്ങിത്താഴുകയായിരുന്നെന്നാണ് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോലീസിനു നൽകിയ മൊഴി. എന്നാൽ, സംഭവം നടന്നയുടനെ ഉണ്ണികൃഷ്ണനെ അവിടെനിന്നും കാണാതായിരുന്നു.
വൈകീട്ട് ആറുമണിയോടെ മൃതദേഹം പൊങ്ങിയതുകണ്ട നാട്ടുകാരനാണ് പോലീസിനെ അറിയിച്ചത്. നെയ്യാറിൽ മണലെടുത്തുണ്ടായ കയത്തിലാണ് മുങ്ങിപ്പോയത്.
സുജ മുങ്ങിപ്പോയ സമയത്ത് രക്ഷപ്പെടുത്താനോ, നാട്ടുകാരെ അറിയിക്കാനോ ഉണ്ണികൃഷ്ണൻ തയ്യാറാകാതിരുന്നത് ദുരൂഹത വർധിപ്പിക്കുകയാണ്. സുജയും ഉണ്ണികൃഷ്ണനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായി നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കി. ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണൻ ഏതാനും ദിവസം മുൻപാണ് പിരായുംമൂട്ടിലെ വീട് വാടകയ്ക്ക് എടുത്തത്.
സുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ് വരദരാജൻ നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എസ്.അനിൽകുമാറിനു പരാതി നൽകി. കൊലപാതകമോ, സ്വാഭാവിക മുങ്ങിമരണമാണോയെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലാണ്. വ്യാഴാഴ്ച ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തും. സുജ ഹോംനഴ്സായും ജോലിചെയ്തിരുന്നു. സ്കൂൾ വിദ്യാർഥിയായ സുജിത്താണ് മകൻ. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.
Content Highlights:woman found dead in neyyar river her friend in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..