
-
കുണ്ടറ(കൊല്ലം): ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ചത് പീഡനം മൂലമെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. പുനുക്കന്നൂര്‍ ജിഷ്ണുനിവാസില് ജിഷ്ണുവിന്റെ ഭാര്യ പ്രിയങ്കയാണ് (മാളു-29) മരിച്ചത്.
കഴിഞ്ഞ നാലിന് രാവിലെയാണ് പ്രിയങ്കയെ വീട്ടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഈസമയം ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കള്‍ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധനയ്ക്കുശേഷം കരീപ്ര പ്ലാക്കോട് മാടശേരിവീട്ടില്‍ ശവസംസ്കാരം നടത്തി.
പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി അമ്മ ശ്രീവിദ്യയാണ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയത്. മകള്‍ക്ക് സുഖമില്ലെന്നറിഞ്ഞ് ആശുപത്രിയിലെത്തിയ അമ്മയും സഹോദരനും പ്രിയങ്കയുടെ മൃതദേഹമാണ് കണ്ടത്.
ജിഷ്ണുവിന്റെയും പ്രിയങ്കയുടേതും പ്രണയവിവാഹമായിരുന്നു. അഞ്ചുവയസ്സുള്ള മകനുണ്ട് ഇവര്‍ക്ക്. വീടും പറമ്പും വാങ്ങി നല്‍കിയതുള്‍പ്പെടെ പ്രിയങ്കയുടെ വീട്ടില്‍നിന്ന് സഹായങ്ങള്‍ നല്കിവന്നിരുന്നു. ജിഷ്ണു മദ്യപിച്ചെത്തി ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവായിരുന്നെന്ന് പ്രിയങ്കയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
കൊറ്റങ്കര കോട്ടാച്ചിറ നന്ദനത്തില്‍ വിരമിച്ച സൈനികന് മധുസൂദനന് പിള്ളയുടെ മകളാണ് പ്രിയങ്ക. കുണ്ടറ പോലീസ് സ്റ്റേഷനില്‍ പ്രിയങ്ക ഭര്‍ത്തൃപീഡനത്തിന് പരാതി നല്‍കിയിരുന്നതായും പോലീസ് പറയുന്നു. മൃതദേഹപരിശോധനയില്‍ തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.
ജിഷ്ണുവിനെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തിരുന്നു. പ്രിയങ്കയുടെ ഫോണില്‍നിന്ന് വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി സൈബര്‍ സെല്ലില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുശേഷം മൃതദേഹപരിശോധനയുടെ പൂര്‍ണവിവരം ലഭിക്കും. രണ്ട് റിപ്പോര്‍ട്ടുകളും ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സി.ഐ. അറിയിച്ചു.
Content Highlights: woman found dead in husband's home in kundara; relatives filed complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..