റഹ്മത്ത്, ഷഹൻസാദ് | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: മാളയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെ(30)യാണ് വ്യാഴാഴ്ച രാവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഭര്‍ത്താവ് ഷഹന്‍സാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടക്കേക്കര സ്വദേശിയായ ഷഹന്‍സാദ് മാള പിണ്ടാണിയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. പ്രവാസിയായ ഇയാള്‍ നാട്ടിലെത്തി മത്സ്യക്കച്ചവടം നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയിലും ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പതും മൂന്നും വയസ്സുള്ള കുട്ടികളെ ഇയാള്‍ വടക്കേക്കരയിലെ സ്വന്തം വീട്ടിലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു.
ഷഹന്‍സാദിന്റെ പിതാവ് രാവിലെ പുത്തന്‍ചിറയിലുള്ളയാളെ വിളിച്ച് ഷഹന്‍സാദ് മക്കളുമായി ഇവിടെയെത്തിയിട്ടുണ്ടെന്നും മരുമകള്‍ ഇല്ലെന്നും എന്താണ് സംഭവമെന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമീപവാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതില്‍ പുറത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ അകത്തുകയറി പരിശോധിച്ചപ്പോഴാണ് റഹ്മത്തിന്റെ മൃതദേഹം കണ്ടത്. സംഭവത്തില്‍ മാള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: woman found dead at home in mala thrissur husband in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..