സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽനിന്ന് | Twitter.com|ANI
ന്യൂഡൽഹി: ഡൽഹിയിലെ തെരുവിൽ തോക്കുമായെത്തി വെടിയുതിർക്കുകയും വ്യാപാരിയെ അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റിൽ. ഡൽഹി ജാഫറബാദ് സ്വദേശിയായ നുസ്രത്തി(28)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാഫറബാദിലെ ഗുണ്ടാത്തലവനായ നാസിറിന്റെ കൂട്ടാളി മുഹ്സിന്റെ സഹോദരിയാണ് നുസ്രത്ത് എന്ന് പോലീസ് പറഞ്ഞു.
നവംബർ 18-നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ചൗഹാൻ ബങ്കാർ തെരുവിൽ നുസ്രത്ത് തോക്കുമായി അഴിഞ്ഞാടിയത്. വ്യാപാരിയുമായി തർക്കത്തിലേർപ്പെട്ട യുവതി ഇതിനുപിന്നാലെ കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. പരസ്യമായി വ്യാപാരിയെ അസഭ്യം പറയുകയും ചെയ്തു. കുട്ടികളടക്കം ഒട്ടേറെ പേരാണ് ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. സംഭവത്തിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്.
ബുർഖ ധരിച്ചെത്തിയ നുസ്രത്ത് വെടിയുതിർക്കുന്നതും വ്യാപാരിയെ അസഭ്യം പറയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സംഭവം കണ്ട് കുട്ടികളും നാട്ടുകാരും വിറങ്ങലിച്ച് നിൽക്കുന്നതും കൂടെയുണ്ടായിരുന്നയാൾ നുസ്രത്തിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. താൻ ഗുണ്ടാത്തലവൻ നാസിറിന്റെ സഹോദരിയാണെന്നും ഇവർ വിളിച്ചുപറഞ്ഞിരുന്നു. സംഭവസമയത്ത് യുവതി മദ്യപിച്ചിരുന്നതായും മൊബൈൽ ഫോണിനെച്ചൊല്ലിയാണ് വ്യാപാരിയുമായി തർക്കമുണ്ടായതെന്നും പോലീസ് അറിയിച്ചു.
Content Highlights:woman fires bullets and abuses shop owner in delhi arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..