പ്രതീകാത്മക ചിത്രം | മാതൃഭൂമി
തിരുപ്പതി: പതിനാല് വയസ്സുകാരിയെ മുത്തശ്ശി തട്ടിക്കൊണ്ടുപോയതായി അമ്മയുടെ പരാതി. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ തിരുച്ചനൂര്‍ സ്വദേശി ലക്ഷ്മിയാണ് മകളെ തന്റെ അമ്മ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. തന്റെ സഹോദരന്റെ മകനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാനാണ് ശ്രമമെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ലെന്നും ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
ജൂലായ് ആറിനാണ് പെണ്‍കുട്ടിയെ 70 വയസ്സുള്ള മുത്തശ്ശി തട്ടിക്കൊണ്ടുപോയത്. അന്നുതന്നെ ലക്ഷ്മി തിരുച്ചനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം. പരാതി നല്‍കി അഞ്ച് ദിവസമായിട്ടും പോലീസിന് കുട്ടിയെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം വൈകിപ്പിക്കുന്നതിനാലാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും യുവതി പറഞ്ഞു.
തട്ടിക്കൊണ്ടുപോയ മകളെ തന്റെ സഹോദരന്റെ മകനായ മുരളികൃഷ്ണ(29)യെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് കുടുംബത്തിന്റെ ശ്രമമെന്നും ലക്ഷ്മി ആരോപിച്ചു.
'മുരളികൃഷ്ണ ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനാണ്. മകളെ മുരളികൃഷ്ണയ്ക്ക് വിവാഹം ചെയ്തുനല്‍കാന്‍ സഹോദരനടക്കം നിര്‍ബന്ധിച്ചിരുന്നു. മകള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് ഈ ആവശ്യം നിരസിച്ചു. ഇതോടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. ഇതിനുപിന്നാലെയാണ് മകളെ തട്ടിക്കൊണ്ടുപോയത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം വീട്ടുജോലികള്‍ ചെയ്താണ് ജീവിക്കുന്നത്. എന്റെ മകള്‍ക്കും എട്ടുവയസ്സുള്ള മകനും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ ജോലിക്ക് പോകുന്നത്. പക്ഷേ, എന്റെ ആഗ്രഹങ്ങളെല്ലാം അസ്തമിച്ചിരിക്കുകയാണ്. എത്രയും വേഗം പോലീസുകാര്‍ എന്റെ മകളെ കണ്ടെത്തി തിരികെനല്‍കണമെന്നാണ് അപേക്ഷ', ലക്ഷ്മി പറഞ്ഞു.
Content Highlights: woman filed complaint that her daughter kidnapped by her mom
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..