പ്രതീകാത്മക ചിത്രം | Getty Images
ചക്കരക്കല്ല്: തലശ്ശേരിയിലെ ചിത്രകലാവിദ്യാലയത്തിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തില്‍ ഒന്‍പതുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അപമാനിക്കുന്നവിധത്തില്‍ പെരുമാറുകയും സന്ദേശങ്ങളയക്കുകയും ചെയ്ത അധ്യാപകനെതിരേ ജീവനക്കാരി ഒരുവര്‍ഷം മുമ്പ് മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകന്‍ സ്ഥാപനത്തില്‍നിന്ന് രാജിവെച്ചിരുന്നു.
പരാതി ഒതുക്കിത്തീര്‍ക്കാന്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലുള്ളവരും ചില സഹപ്രവര്‍ത്തകരും സമ്മര്‍ദം ചെലുത്തിയെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം ലഭിച്ച പരാതിപ്രകാരം സ്ഥാപനവുമായി ബന്ധപ്പെട്ട ഒന്‍പതുപേര്‍ക്കെതിരെയാണ് ചക്കരക്കല്ല് പോലീസ് കേസെടുത്തത്.കൂടുതല്‍ അന്വേഷണത്തിനായി കേസ് തലശ്ശേരി സ്റ്റേഷനിലേക്ക് കൈമാറി.
പരാതി അടിസ്ഥാന രഹിതമെന്ന് സ്ഥാപനം
താത്കാലിക ജീവനക്കാരിയായിരുന്ന യുവതി നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് ചിത്രകലാ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ദുരുദ്ദേശത്തോടെ, സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതമായാണ് വ്യാജ പരാതി നല്‍കിയിട്ടുള്ളതെന്നും സ്ഥാപനത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനാണ് ഇവരുടെ ശ്രമമെന്നും മാനേജ്‌മെന്റ് പറഞ്ഞു.
താത്കാലിക ജീവനക്കാരിയായിരുന്ന പരാതിക്കാരിയെ കഴിഞ്ഞ ജൂലായില്‍ സ്ഥാപനത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ ഇവര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലെ എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തുകയും താത്കാലിക ജീവനക്കാരിയെയും ആരോപണവിധേയനായ അധ്യാപകനെയും ജൂലായ് 30-ന് സസ്‌പെന്‍ഡ് ചെയ്തതാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. യുവതി ആരോപണമുന്നയിച്ച മുന്‍ പ്രിന്‍സിപ്പല്‍ നേരത്തെ തന്നെ സ്ഥാപനത്തില്‍നിന്ന് പിരിഞ്ഞുപോയിട്ടുണ്ടെന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..