
നൂർജഹാൻ
കല്ലാച്ചി(കോഴിക്കോട്): ചര്‍മസംബന്ധമായ അസുഖം ബാധിച്ച യുവതിയുടെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി. മന്ത്രവാദ ചികിത്സയാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ വളയം പോലീസില്‍ പരാതി നല്കി.
കുനിങ്ങാട് കിഴക്കയില്‍ നൂര്ജഹാന് മന്‍സിലില്‍ പരേതനായ മൂസ- കുഞ്ഞയിഷ ദമ്പതിമാരുടെ മകളും കല്ലാച്ചി ടൗണിന് സമീപത്തെ ചട്ടീന്റവിട ജമാലിന്റെ ഭാര്യയുമായ നൂര്‍ജഹാനാണ് (44) മരിച്ചത്. നേരത്തേ രോഗംബാധിച്ചതിനെത്തുടര്ന്ന് നൂര്ജഹാന് കല്ലാച്ചിയിലെ വീട്ടില്‍ ഭര്‍ത്താവ് മന്ത്രവാദചികിത്സ നടത്തിവരുകയായിരുന്നു. യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രവാദ ചികിത്സയെക്കുറിച്ച് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയും ലഭ്യമാക്കിയിരുന്നു. അസുഖം ഭേദമായെങ്കിലും തുടര്‍ച്ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും അസുഖം പിടിപെട്ടതോടെ ഭര്‍ത്താവ് സ്വയംചികിത്സ നടത്തുകയായിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. കുറച്ചുനാളായി ജാതിയേരി കല്ലുമ്മലില്‍ വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു ഇവര്‍. ഇതിനിടെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്തതോടെ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ആലുവയിലെ സ്വകാര്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
ഇവിടെനിന്ന് ചൊവ്വാഴ്ച പുലര്‍ച്ച നാലുമണിയോടെ മരണം സംഭവിച്ചതായി യുവതിയുടെ മാതാവിനെ ഭര്‍ത്താവ് ജമാല്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ വളയം പോലീസില്‍ പരാതി നല്കി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ച ആംബുലന്‍സ് ഡ്രൈവറെ പോലീസ് ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് വളയം പോലീസ് അറിയിച്ചു.
മക്കള്‍: ബഷീര്‍, ജലീന, മാഹിറ, സാദിഖ്, പരേതനായ ഹിദായത്തുള്ള. സഹോദരങ്ങള്‍: ഷാജഹാന്, ജുവൈരിയ, ഫര്‍സാന, ജംഷീറ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..