ഐസിയുവില്‍ ചികിത്സയിലിരിക്കെ ഐസ്‌ക്രീം കഴിച്ച യുവതി മരിച്ചു, തൊട്ടടുത്ത ദിവസം ബന്ധുവും മരിച്ചനിലയില്‍; ദുരൂഹത


പ്രതീകാത്മക ചിത്രം | Photo: www.pics4news.com

ന്യൂഡൽഹി: നാഗാലാൻഡ് സ്വദേശികളായ രണ്ടുപേർ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ച സംഭവത്തിൽ ദുരൂഹത. എയർ ഹോസ്റ്റസായ റോസി സംഗ്മ(29), ബന്ധുവായ സാമുവൽ സംഗ്മ എന്നിവരുടെ മരണത്തിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന റോസി ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ജൂൺ 24-നാണ് ഗുരുഗ്രാമിലെ ആൽഫ ആശുപത്രിയിൽവെച്ച് മരിച്ചത്. റോസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ ബന്ധു സാമുവലിനെ തൊട്ടടുത്തദിവസം നഗരത്തിലെ ഹോട്ടൽമുറിയിലും മരിച്ചനിലയിൽ കണ്ടെത്തി. ഇതോടെയാണ് രണ്ടുപേരുടെ മരണത്തിലും സംശയങ്ങളുയർന്നത്.

സംഭവം വിവാദമായതോടെ രാഷ്ട്രീയനേതാക്കളടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കേസിൽ ഡൽഹി പോലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്. അതേസമയം, സാമുവലിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

എയർ ഹോസ്റ്റസായ റോസിയും ബന്ധുവായ സാമുവലും ഡൽഹി ബിജ്വാസൻ മേഖലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ജൂൺ 23-ന് രാത്രി കൈയ്ക്കും കാലിനും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റോസിയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ 24-ാം തീയതി ഗുരുഗ്രാം സെക്ടർ 10-ലെ ആൽഫ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രവേശിപ്പിച്ചതിന് ശേഷം ഐ.സി.യുവിൽവെച്ച് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ റോസി ഐസ്ക്രീം കഴിച്ചെന്നും ഇതിനുശേഷം ആരോഗ്യനില മോശമായി മരണം സംഭവിച്ചെന്നുമായിരുന്നു കൂടെയുണ്ടായിരുന്ന സാമുവലിന്റെ ആരോപണം. ഡോക്ടർമാരുടെ അശ്രദ്ധയും പിഴവുമാണ് മരണത്തിന് കാരണമായതെന്നും ആരോപിച്ചിരുന്നു.

റോസിയുടെ മരണശേഷം ഇക്കാര്യങ്ങൾ വിശദീകരിച്ച് സാമുവൽ സാമൂഹികമാധ്യമങ്ങളിൽ വീഡിയോയും പോസ്റ്റ് ചെയ്തു. എന്നാൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ ആശുപത്രി അധികൃതർ മർദിച്ചെന്നും ആശുപത്രിയിൽനിന്ന് തന്നെ പുറത്താക്കിയെന്നും സാമുവൽ ആരോപിച്ചിരുന്നു. ഈ സംഭവങ്ങളുണ്ടായി 24 മണിക്കൂർ കഴിഞ്ഞതിന് പിന്നാലെയാണ് നഗരത്തിലെ ഹോട്ടൽമുറിയിൽ സാമുവലിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

അതേസമയം, റോസിയുടെ മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് ആൽഫ ആശുപത്രി ഉടന ഡോ. അനുജ് വിഷ്ണോയ് പ്രതികരിച്ചു. ജൂൺ 24-ന് രാവിലെ ആറുമണിയോടെയാണ് റോസിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അത്യാഹിതവിഭാഗത്തിലും പിന്നീട് ഐസിയുവിലേക്കും മാറ്റി. രാവിലെ 11 മണിയോടെ ഐസിയുവിലെ മറ്റൊരു രോഗി ഐസ്ക്രീം കഴിക്കുന്നത് റോസി കണ്ടിരുന്നു. ഇത് കണ്ടാണ് റോസി ഐസ്ക്രീം ആവശ്യപ്പെട്ടത്. അവരുടെ ഇഷ്ടപ്രകാരമാണ് ഐസ്ക്രീം ഓർഡർ ചെയ്ത് കഴിച്ചതെന്നും സാമുവലിനെ ആശുപത്രി ജീവനക്കാർ മർദിച്ചിട്ടില്ലെന്നും അനുജ് വിഷ്ണോയ് പറഞ്ഞു. സാമുവിലിന് പിന്നീട് എന്ത് സംഭവിച്ചുവെന്നതിൽ തങ്ങൾക്കൊന്നുമറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സാമുവലിന്റെ മരണം കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ആരോപണം. ഇതൊരിക്കലും ആത്മഹത്യയല്ല. റോസിയുടെ മരണശേഷം അവൻ ഏറെ അസ്വസ്ഥനായിരുന്നു. റോസിക്ക് നീതി ലഭിക്കാനായി പോരാടുമെന്നും ഏതറ്റം വരെ പോകുമെന്നും 25-ന് രാവിലെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞയാൾ എന്തിനാണ് പെട്ടെന്ന് തൂങ്ങിമരിച്ചതെന്നും പിതാവ് ചോദിച്ചു.

അതിനിടെ, രണ്ടുമരണങ്ങളെ സംബന്ധിച്ച് ഏറെ സംശയങ്ങളും ബാക്കിനിൽക്കുന്നുണ്ട്. ഐ.സി.യുവിൽ ചികിത്സയിലുള്ള രോഗിയെ ഐസ്ക്രീം കഴിക്കുന്നതിൽനിന്ന് ഡോക്ടർമാർ എന്തുകൊണ്ട് വിലക്കിയില്ലെന്നാണ് ചിലരുടെ സംശയം. മാത്രമല്ല, രോഗിയുടെ ആരോഗ്യനില മോശമായിട്ടും വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടിയില്ലെന്നും ചിലർ ആരോപിക്കുന്നുണ്ട്. മരിച്ച സാമുവലിന്റെ ദേഹത്ത് കണ്ട ചില മുറിവുകളും നീർക്കെട്ടും സംശയത്തിന് കാരണമായിട്ടുണ്ട്. എന്തായാലും രണ്ട് കേസുകളിലും പോലീസിന്റെ അന്വേഷണം തുടരുകയാണ്.

Content Highlights:woman dies after eating icecream in icu relative found dead on next day in hotel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented