ശിവാനന്ദന്റെ വീട് | Photo: Special Arrangement|Mathrubhumi
പറവൂര്‍: യുവതിയെ വീട്ടില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പറവൂര്‍ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നത്.
മരിച്ചനിലയില്‍ കണ്ടെത്തിയത് ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ(25) ആണെന്നാണ് നിഗമനം. എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഡി.എന്‍.എ. പരിശോധന അടക്കം നടത്തിയതിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. അതിനിടെ, ശിവാനന്ദന്റെ രണ്ടാമത്തെ മകള്‍ ജിത്തു(22)വിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ജിത്തു ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ജിത്തുവിനെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞദിവസം മൂന്നുമണിയോടെയാണ് ശിവാനന്ദന്റെ വീട്ടില്‍ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. പോലീസും അഗ്നിരക്ഷാസേനയും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയനിലയിലായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടന്നിരുന്നു. രണ്ട് മുറികള്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. അഗ്നിരക്ഷാസേന തീയണച്ച ശേഷം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മുറികളിലൊന്നില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കള്‍ മൂത്ത മകള്‍ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞിരുന്നു.
സംഭവസമയം ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പോയിരുന്നതായാണ് പോലീസ് പറയുന്നത്. വിസ്മയയും ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിസ്മയ മാതാപിതാക്കളെ വിളിച്ച് എപ്പോള്‍ വരുമെന്ന് തിരക്കി. രണ്ട് മണിയോടെ എത്തുമെന്ന് മാതാപിതാക്കള്‍ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സംഭവമുണ്ടായത്.
ഇരുചക്ര വാഹനത്തില്‍ മത്സ്യം വില്‍ക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂര്‍ത്തിയാക്കിയവരാണ്. ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ജിത്തുവിനെ കണ്ടെത്തി വിശദമായി ചോദ്യംചെയ്താലേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.
Content Highlights: Woman was found burnt to death in house at Paravoor is suspected to be a murder; Sister went missing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..