പ്രതീകാത്മക ചിത്രം | ANI
രാജ്‌കോട്ട്: കാമുകിയുടെ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവും സുഹൃത്തും അറസ്റ്റില്‍. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സഹില്‍ സന്ദി, സുഹൃത്തായ ജാവേദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജാംനഗര്‍ സ്വദേശിയും മോര്‍ബിയിലെ സെറാമിക് ഫാക്ടറിയിലെ ജീവനക്കാരനുമായ ഹേമന്‍ പ്രസാനിയയെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സഹോദരന്റെ വീട്ടില്‍ താമസിക്കുന്ന ഹേമനെ ഇവിടെയെത്തിയ പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഹേമന്റെ ബന്ധുക്കളെ വിളിച്ച് 50000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് സംഘം ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇവര്‍ തമ്പടിച്ചിരുന്ന രഹസ്യകേന്ദ്രം കണ്ടെത്തുകയും ഹേമനെ മോചിപ്പിക്കുകയുമായിരുന്നു. പ്രതികളായ രണ്ടുപേരെയും കൈയോടെ പിടികൂടുകയും ചെയ്തു.
സഹിലിന്റെ കാമുകിയെ ഹേമന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഹേമന്റെ വിവാഹനിശ്ചയം. ഇതറിഞ്ഞതോടെ യുവതിയുടെ കാമുകനായ സഹിലിന് പകയായി. വിവാഹം മുടക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് കാമുകിയുടെ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്നും ഇതോടെ ഹേമന്‍ വിവാഹത്തില്‍നിന്ന് പിന്മാറുമെന്നാണ് പ്രതികള്‍ കരുതിയതെന്നും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പുറമേ, വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Content Highlights: woman boyfriend abducts her fiancé in gujarat rajkot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..