
പോലീസുകാരനെ മർദിക്കുന്ന ദൃശ്യം | Screengrab: twitter.com|mustafashk
മുംബൈ: ട്രാഫിക് പോലീസുകാരനെ ഡ്യൂട്ടിയ്ക്കിടെ മർദിച്ചതിന് യുവതിയും സുഹൃത്തും അറസ്റ്റിൽ. സാധ്വിക രാമകാന്ത് തിവാരി, സുഹൃത്ത് മുഹ്സിൻ ഷേഖ് എന്നിവരെയാണ് മുംബൈ എൽ.ടി. മാർഗ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പോലീസുകാരനെ റോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്തി പോലീസ് ഇരുവർക്കുമെതിരേ കേസെടുത്തത്.
കൽബാദേവിയിലെ സൂർത്തി ഹോട്ടൽ ജങ്ഷനിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനാണ് മുഹസിൻ ഷേഖിനെ ട്രാഫിക് പോലീസുകാരനായ ഏക്നാഥ് പോർട്ടെ പിടികൂടിയത്. തുടർന്ന് പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. ഇതുകേട്ടതോടെ മുഹ്സിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സാധ്വിക വിഷയത്തിൽ ഇടപെടുകയായിരുന്നു. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിന് ഇവർ പോലീസുകാരനോട് തട്ടിക്കയറുകയും പിന്നാലെ മർദിക്കുകയും ചെയ്തു. പോലീസുകാരൻ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ ആരോപണം. വനിതാ പോലീസ് എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തി. ട്രാഫിക് പോലീസുകാരന്റെയും യുവതിയുടെയും മൊഴിയെടുത്തു. മോശമായി പെരുമാറിയിട്ടില്ലെന്നും സർ, മാഡം എന്ന് മാത്രമാണ് യുവതിയെ അഭിസംബോധന ചെയ്തതെന്നുമായിരുന്നു പോലീസുകാരന്റെ മൊഴി. അന്വേഷണത്തിൽ പോലീസുകാരൻ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇരുവർക്കുമെതിരേ കേസെടുത്തത്. യുവതി മർദിച്ചിട്ടും സംയമനം പാലിച്ച പോലീസുകാരനെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..