ബാബുക്കുട്ടൻ
കൊച്ചി: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. പ്രതിയെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റെയില്‍വേ പോലീസ് വ്യക്തമാക്കുന്നത്. പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്.
ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒരു അടുപ്പവും ഇയാള്‍ വെച്ചു പുലര്‍ത്താറുമില്ല. ബാബുക്കുട്ടന് വീട്ടുകാരുമായിട്ടും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തെങ്കിലും ബാബുക്കുട്ടന് എവിടെ ആയിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ല.
മോഷണക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മാര്‍ച്ച് 12-നാണ് പൂജപ്പുര ജയിലില്‍നിന്ന് ഇയാള്‍ ഇറങ്ങിയത്. അവസാനമായി ബാബുക്കുട്ടന് വീട്ടില്‍ വന്നത് ഏപ്രില്‍ ആദ്യമാണെന്നാണ് പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. എസ്.പി.യുടെ മേല്‍നോട്ടത്തിലാണ് കേസില്‍ അന്വേഷണം. തിരച്ചില്‍ നടത്തുന്നതിന് രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തന്നെ രൂപവത്കരിച്ചിട്ടുണ്ട്.
ആക്രമണത്തിനിരയായ മുളന്തുരുത്തി സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ചയാണ് തീവണ്ടിയില്‍ കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും യുവതി ഇരയായത്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ യുവതിക്ക് തീവണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. കാഞ്ഞിരമറ്റത്തിനു സമീപം ഓലിപ്പുറത്തുവെച്ചാണ് സംഭവം.
വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറിയുള്ള ആക്രമണം പ്രതി മുമ്പും നടത്തി
കൊച്ചി: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി മുമ്പും ഇത്തരം സംഭവങ്ങളിലേര്‍പ്പെട്ടിരുന്നതായി പോലീസ്. 2007 ജൂലായ് 31-നാണ് സമാനമായ കേസുണ്ടായത്. അതും വനിതാ കമ്പാര്‍ട്ട്മെന്റില്‍ തന്നെ.
കൊല്ലം-എറണാകുളം പാസഞ്ചറിലായിരുന്നു സംഭവം. കൊല്ലത്തെ പെരിനാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടി നീങ്ങിയപ്പോള്‍ ബാബുക്കുട്ടന് കമ്പാര്‍ട്ട്മെന്റിലേക്ക് ചാടിക്കയറുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഒന്നര പവന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു അന്ന് പ്രതി മോഷ്ടിച്ചെടുത്തത്.
ഈ കേസില്‍ അറസ്റ്റിലായ ബാബുക്കുട്ടന് രണ്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്നും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..