അറസ്റ്റിലായ ബിന്ദു
കുറവിലങ്ങാട്(കോട്ടയം): വലിയതോട്ടില്‍ മത്സ്യവ്യാപാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആക്രിവസ്തുക്കള്‍ ശേഖരിച്ച് വില്‍ക്കുന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ഉഴവൂര്‍ പുല്‍പ്പാറ കരിമാക്കിയില് ബിന്ദു ബാബു (45) വിനെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. കുറവിലങ്ങാട് ചന്തയിലെ മത്സ്യവ്യാപാരി കുറവിലങ്ങാട് കര്‍മലഗിരി ചീമ്പനായില്‍ സി.എ.തങ്കച്ചനെ (57) പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിന് സമീത്തെ വലിയതോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.
സമീപത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് ബിന്ദുവിന്റെ അറസ്റ്റിലേക്ക് പോലീസെത്തിയത്.
ഞായറാഴ്ച ഇരുവരും ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള മദ്യശാലയ്ക്ക് മുന്‍ഭാഗത്തായി ഇരുന്ന് മദ്യപിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ ബിന്ദു മരക്കഷണം ഉപയോഗിച്ച് തങ്കച്ചനെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ തങ്കച്ചന് വലിയതോട്ടിലേക്ക് വീഴുകയായിരുന്നു. സംഭവശേഷം കടന്നുകളഞ്ഞ ബിന്ദു തിരികെയെത്തിയപ്പോള്‍ തങ്കച്ചന് തോട്ടില്‍ അനക്കമില്ലാതെകിടക്കുന്നത് കണ്ട് നാട്ടുകാരെ വിവരം അറിയിച്ചു.
ഉഴവൂര്‍ സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി ആക്രിസാധനങ്ങള്‍ പെറുക്കി വില്പന നടത്തി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലായിരുന്നു ബിന്ദുവും കുടുംബവും താമസിച്ചുവന്നിരുന്നത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. കുറവിലങ്ങാട് എസ്.എച്ച്.ഒ. ഇ.എസ്.സാംസന്, എസ്.ഐ. ടി.ആര്. ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..