
ബിന്ദുവിന്റെ വീടും കിണറും
കിളിമാനൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചശേഷം വീട്ടമ്മ മകനുമായി കിണറ്റില്‍ച്ചാടി. അമ്മയും കുഞ്ഞും മരിച്ചു. ഭര്‍ത്താവിന് ഗുരുതരപരിക്ക്.
നഗരൂര്‍ കൊടുവഴന്നൂര്‍ പന്തുവിള ചന്തമുക്ക് എരുത്തിനാട് ഏലായ്ക്കു സമീപം സുബിന് ഭവനില്‍ ബിന്ദു(38), ഇളയമകന് രജിന്(അഞ്ച്) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് രജുലാല്‍(36) ആസിഡ് വീണ് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വഴക്കിനെത്തുടര്‍ന്ന് ബിന്ദു ആസിഡെടുത്ത് ഭര്‍ത്താവിന്റെ മുഖത്തൊഴിച്ചശേഷം ഇളയകുഞ്ഞിനെയുമെടുത്ത് മുറ്റത്തുള്ള കിണറ്റില്‍ച്ചാടുകയായിരുന്നു. ബിന്ദുവിന്റെ മൂത്തമകന് സുബിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ പോലീസിലും അഗ്നിരക്ഷാനിലയത്തിലും വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയെത്തി ബിന്ദുവിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബിന്ദുവിന്റെയും രജുലാലിന്റെയും രണ്ടാംവിവാഹമാണിത്. രജുലാലിന്റെ ആദ്യ ഭാര്യ മരിച്ചതാണ്. തുടര്‍ന്ന് ഇയാള്‍ ബിന്ദുവുമായി അടുപ്പത്തിലായി. ബിന്ദുവിന്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് സുബിന്. രജുലാലുമായുള്ള ബിന്ദുവിന്റെ അടുപ്പത്തെത്തുടര്‍ന്ന് ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി.
ബിന്ദു വീടിനുസമീപത്തെ റബ്ബര്‍ത്തോട്ടത്തില്‍ പാലെടുക്കുന്ന ജോലിചെയ്തിരുന്നു. ഈ ജോലി ഉപേക്ഷിച്ചശേഷം കൊടുവഴന്നൂരില്‍ ഒരു ഹോട്ടലില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
സംശയം, വഴക്ക്... പൊലിഞ്ഞത് രണ്ടുജീവന്‍...
കിളിമാനൂര്‍: ഭര്‍ത്താവ് രജുലാലിന്റെ മുഖത്ത് മുഖത്ത് ആസിഡൊഴിച്ചശേഷം ബിന്ദു കുഞ്ഞുമായി കിണറ്റില്‍ച്ചാടി മരിക്കാനിടയാക്കിയത് സംശയരോഗം. രജുലാലിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുള്ള ബിന്ദുവിന്റെ സംശയം വീട്ടില്‍ നിരന്തരം വഴക്കിനിടയാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇതുതന്നെയാണ് ഞായറാഴ്ചത്തെ വലിയ ദുരന്തത്തിനും കാരണമായത്.
കെട്ടിടനിര്‍മാണജോലികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ചെയ്തിരുന്ന രജുലാല്‍ പതിവായി മദ്യപിച്ചിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. റബ്ബര്‍ പാല് ഉറയ്ക്കാനുപയോഗിക്കുന്ന ആസിഡാണ് ബിന്ദു രജുലാലിന്റെ മുഖത്തൊഴിച്ചത്.
ഒറ്റമുറിയും വരാന്തയും മാത്രമുള്ള, ചുറ്റും തുണികള്‍ തുന്നിമറച്ച വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. നല്ല ആഴവും നിറയെ വെള്ളവുമുള്ള കിണറ്റിലേക്കാണ് ബിന്ദു കുഞ്ഞിനെയുംകൊണ്ട് ചാടിയത്. 15 വയസ്സുള്ള മൂത്തകുട്ടിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും കിണറിന്റെ ആഴം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു.
ബിന്ദുവിന്റെ മരണത്തോടെ അഭയം നഷ്ടപ്പെട്ട മൂത്ത കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ കുട്ടിയുടെ അച്ഛനോടാവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു. കണ്മുന്നില് നടന്ന വലിയ ദുരന്തത്തിന്റെ ആഘാതത്തിലാണ് ഈ കുട്ടി ഇപ്പോഴും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..