അറസ്റ്റിലായ പ്രതികൾ | Photo: twitter.com|TOIBengaluru
ബെംഗളൂരു: ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശോഭ(44) കാമുകന് രാമു(45) എന്നിവര്‍ അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് ഇരുവരും ചേര്‍ന്ന് ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഹോട്ടലിലെ ജീവനക്കാരനായ രാമുവും ശോഭയും തമ്മിലുള്ള അടുപ്പം ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. 2020 ജൂണ്‍ ഒന്നാം തീയതി ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അഴുകിയനിലയില്‍ മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അവകാശമുന്നയിച്ച് എത്താതിരുന്നതിനാല്‍ പോലീസ് മൃതദേഹം മറവുചെയ്തു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവുമായി ശിവലിംഗ നാടുവിട്ട് പോയെന്നാണ് ശോഭ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന 1.3 ലക്ഷം രൂപയുമായാണ് പോയതെന്നും പണം തീര്‍ന്നാല്‍ അദ്ദേഹം തിരികെവരുമെന്നും വിശ്വസിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശിവലിംഗയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സഹോദരന് പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയെങ്കിലും ശോഭ ഇവരെ പിന്തിരിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് ഹോട്ടല്‍ ജീവനക്കാരനുമായി ശോഭ അടുപ്പത്തിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് മനസിലായത്. ഇതോടെ ശിവലിംഗയുടെ സഹോദരനും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നേരത്തെ ശിവലിംഗ വീടിനടുത്ത റോഡരികിലാണ് ഭക്ഷണശാല നടത്തിയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്നു രാമു. പിന്നീട് കച്ചവടം വിപുലപ്പെടുത്തുകയും ബെന്നാര്‍ഗട്ടയില്‍ പുതിയ ഹോട്ടല്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ ശോഭയും രാമുവും ചേര്‍ന്നാണ് നാട്ടിലെ ഭക്ഷണശാല നോക്കിനടത്തിയത്. ഈ സമയം ഇരുവരും തമ്മില്‍ അടുപ്പത്തിലായി. ലോക്ക്ഡൗണ്‍ വന്നതോടെ ബെന്നാര്‍ഗട്ടയില്‍നിന്ന് ശിവലിംഗ നാട്ടില്‍ തിരിച്ചെത്തി. ഭാര്യയും ജീവനക്കാരനും തമ്മിലുള്ള ബന്ധമറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങളും പതിവായി. ഇതോടെയാണ് ശിവലിംഗയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതികള്‍ നല്കിയ മൊഴി. ആറ് മാസത്തോളം ആര്‍ക്കും സംശയമില്ലാത്തരീതിയില്‍ ഇവര്‍ കൊലപാതകവിവരം മറച്ചുവെയ്ക്കുകയും ചെയ്തു.
ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു. തുടര്‍ന്ന് രണ്ടുപേരും കുറ്റംസമ്മതിക്കുകയായിരുന്നു. കൊലപാതകം നടത്തിയ രീതി പോലീസിനോട് വിവരിച്ച പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചസ്ഥലവും കാണിച്ചുനല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Content Highlights: woman and lover killed husband in bengaluru arrested after six months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..