മരിച്ച അൻവിക, ജിജിന
മട്ടന്നൂര്‍: കാനാട്ട് വീടിനുള്ളില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകള്‍ അന്‍വിക (നാല്) എന്നിവരാണ് മരിച്ചത്. തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് കിടപ്പുമുറിയില്‍ ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടത്. കുഞ്ഞിന്റെ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കിടപ്പുമുറിയുടെ ജനല്‍ച്ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് തീ കണ്ടത്.
അകത്തുനിന്ന് പൂട്ടിയ വാതില്‍ സമീപവാസികള്‍ ഓടിയെത്തി ചവിട്ടിപ്പൊളിച്ചാണ് ഇരുവരെയും ആസ്പത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളിയതിനാല്‍ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ ഇരുവരും മരിച്ചു.
കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കട്ടിലില്‍ കൂട്ടിയിട്ട നിലയിലാണ്. കിടക്കയും വസ്ത്രങ്ങളും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. പൊള്ളലേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിഷാദിന്റെ അച്ഛന് പുരുഷോത്തമനും കാലിന് പൊള്ളലേറ്റു. സൗദിയില്‍ മെക്കാനിക്കായ നിഷാദ് രണ്ടുവര്‍ഷംമുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. ആറുവര്‍ഷം മുമ്പാണ് നിഷാദും ജിജിനയും വിവാഹിതരായത്.
കുമ്മാനത്തെ രാജീവന്റെയും കേളമ്പേത്ത് പ്രസന്നയുടെയും മകളാണ് മരിച്ച ജിജിന. രജിന, പ്രജിന എന്നിവര്‍ സഹോദരങ്ങളാണ്.
സംഭവമറിഞ്ഞ് മട്ടന്നൂര്‍ സി.ഐ. കെ.കെ.ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിഭാഗവും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..